|

അവന്‍ ബാറ്റുമായി പൊരുത്തപ്പെടുന്നില്ല, മാറ്റിയില്ലെങ്കില്‍ പണിയാകും; സ്റ്റാര്‍ ബാറ്ററെക്കുറിച്ച് ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

എക്കാലത്തെയും മികച്ച ടി-20 ബാറ്റര്‍മാരില്‍ പ്രധാനിയായ സൂര്യകുമാര്‍ യാദവിന് ഇംഗ്ലണ്ടിനെതിരെയുള്ള കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ ഏഴ് പന്ത് നേരിട്ട താരം 14 റണ്‍സാണ് നേടിയത്. ഒരു ഫോറും ഒരു സിക്സറും ഇതില്‍ ഉള്‍പ്പെടുന്നു.

ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് പന്ത് നേരിട്ട താരം 12 റണ്‍സ് നേടിയപ്പോള്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സീരീസ് ഓപ്പണര്‍ മത്സരത്തില്‍ ബ്രോണ്‍സ് ഡക്കായാണ് സ്‌കൈ പുറത്തായത്. ഇപ്പോള്‍ താരത്തിന്റെ മോശം ഫോമിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. മികച്ച ടി-20 ബാറ്റര്‍ ആണെങ്കിലും അടുത്തിടെ മോശം പ്രകടനമാണ് താരം കാഴ്ചവെക്കുന്നതെന്നും ഫോമിലേക്ക് എത്തേണ്ടത് അത്യാവശ്യമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘ഞാന്‍ ശ്രദ്ധിക്കുന്ന ഒരു പ്രശ്‌നമുണ്ട്, അത് സൂര്യകുമാര്‍ യാദവാണ്. അവന്‍ ഒരു അസാധാരണ കളിക്കാരനാണ്, ഞാന്‍ അദ്ദേഹത്തെ വളരെയധികം അഭിനന്ദിക്കുന്നു, എന്നാല്‍ ഈയിടെയായി അദ്ദേഹത്തിന്റെ ഫോം ഓഫാണ്.

ടി-20 ക്രിക്കറ്റില്‍ നിങ്ങള്‍ അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കേണ്ടിവരുമെന്ന് മനസിലാക്കാന്‍ കഴിയും, പക്ഷേ സൂര്യ അടുത്തിടെ ബാറ്റുമായി പൊരുത്തപ്പെടുന്നില്ല. അവന്‍ ശരിക്കും മാറേണ്ടതുണ്ട്. കളിയെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് സൂര്യ.

സൂര്യകുമാര്‍ യാദവ് സമീപകാല പരമ്പരകളില്‍ വേണ്ടത്ര റണ്‍സ് നേടിയിട്ടില്ല. ഇത് ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദമായിരിക്കാം, പക്ഷേ അത് പരിഗണിക്കാതെ, ടീമിനെ പ്രചോദിപ്പിക്കുന്നതിനായി അദ്ദേഹം മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ഇതിന് മുമ്പ് നടന്ന ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. ടി-20 ഫോര്‍മാറ്റില്‍ ഒടുവില്‍ കളിച്ച പത്ത് ഇന്നിങ്സില്‍ ഒരിക്കല്‍ മാത്രമാണ് താരത്തിന് 50+ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചത്.

അവസാനം കളിച്ച അഞ്ച് ടി-20 ഇന്നിങ്സുകള്‍ കണക്കിലെടുക്കുമ്പോള്‍ 30 പന്തില്‍ നിന്നും 31 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് കണ്ടെത്താന്‍ സാധിച്ചത്. 103.33 സ്ട്രൈക്ക് റേറ്റും 6.20 ശരാശരിയും മാത്രമാണ് കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളില്‍ സൂര്യകുമാര്‍ യാദവിനുള്ളത്.

വരും മത്സരങ്ങളില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. സൂര്യകുമാറിന് പരിചിതമായ സാഹചര്യങ്ങളിലാണ് ഇനിയുള്ള മത്സങ്ങള്‍ എന്നതും ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നു.

ജനുവരി 31നാണ് പരമ്പരയിലെ നാലാം മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി. നാലാം മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും പരമ്പരയിലൊപ്പമെത്താന്‍ ഇംഗ്ലണ്ടും ഒരുങ്ങുമ്പോള്‍ എം.സി.എയില്‍ തീ പാറുമെന്നുറപ്പാണ്.

Content Highlight: Harbhajan Singh Talking About Suryakumar Yadav