| Sunday, 28th April 2024, 11:19 am

സെലക്ഷനില്‍ അവനെ ഒഴുവാക്കിയാല്‍ അത് കടുത്ത അനീതിയാണ്; ബി.സി.സി.ഐക്ക് താക്കീതുമായി ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സിനെതിരെ സ്വന്തമാക്കിയത്. ലഖ്‌നൗവിന്റെ തട്ടകമായ എകാന സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് ലഖ്‌നൗ നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും ധ്രുവ് ജുറലിന്റെയും ഐതിഹാസികമായ അര്‍ധ സെഞ്ച്വറി മികവിലാണ് ടീം വിജയം സ്വന്തമാക്കിയത്.

സഞ്ജു 33 പന്തില്‍ നിന്ന് നാല് സിക്‌സും ഏഴ് ഫോറും പടക്കം 71 റണ്‍സാണ് അടിച്ചുകൂട്ടിയത്. 215.55 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം കളിച്ചത്. മത്സരത്തില്‍ സഞ്ജു തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും സ്വന്തമാക്കിയത്.

ഇതോടെ പല മുന്‍ താരങ്ങളും സഞ്ജുവിനെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. ഇപ്പോള്‍ ഹര്‍ഭജന്‍ സിങ്ങും താരത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ബി.സി.സി.ഐയെ താക്കീത് ചെയ്ത്‌കൊണ്ടാണ് മുന്‍ താരം സഞ്ജുവിനെക്കുറിച്ച് സംസാരിച്ചത്. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ സഞ്ജുവിനെ എടുത്തില്ലെങ്കില്‍ താരത്തിലോട് ചെയ്യുന്ന കടുത്ത അനീതിയാണെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.

‘ഈ വര്‍ഷത്തെ ഐപി.എല്ലില്‍ ഇന്ത്യന്‍ എന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണാണ് എന്റെ നമ്പര്‍ വണ്‍ ചോയ്‌സ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ അദ്ദേഹം മത്സരങ്ങള്‍ വിജയിക്കുന്നു, അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതാണ്. അവന്‍ സമ്മര്‍ദത്തിനിരയായി കണ്ട നിമിഷങ്ങളൊന്നുമില്ല.

‘അദ്ദേഹം ആക്രമണാത്മകമായി കളിക്കുകയും ആവശ്യമുള്ളപ്പോള്‍ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. സാംസണ്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്, നിങ്ങള്‍ക്ക് അവനെ പുറത്താക്കാന്‍ ഒരു മാര്‍ഗവുമില്ല. അയാള്‍ക്ക് അവസരം ലഭിച്ചില്ലെങ്കില്‍, അവനോട് നിങ്ങള്‍ കടുത്ത അനീതി കാണിച്ചെന്ന് ഞാന്‍ പറയും. സെലക്ടര്‍മാര്‍ അവനെ അവഗണിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഹര്‍ഭജന്‍ സിങ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

സഞ്ജുവിന് പുറമെ ജുറല്‍ 34 പന്തില്‍ നിന്ന് രണ്ട് സിക്‌സും 5 ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി. ഇരുവരും പുറത്താക്കാതെ മത്സരം ഫിനിഷ് ചെയ്തപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒമ്പതു മത്സരത്തില്‍ നിന്നും എട്ട് വിജയവുമായി രാജസ്ഥാനാണ് ടേബിള്‍ ടോപ്പര്‍.

Content Highlight: Harbhajan Singh Talking About Sanju Samson

Latest Stories

We use cookies to give you the best possible experience. Learn more