Sports News
എത്ര റണ്‍സ് നേടിയാലും സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കും: തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 25, 12:26 pm
Saturday, 25th January 2025, 5:56 pm

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായി കെ.എല്‍ രാഹുലിനെയും ബാക് അപ് ഓപ്ഷനായി റിഷബ് പന്തിനെയുമാണ് തെരഞ്ഞെടുത്തത്. എന്നാല്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനെ ഉള്‍പ്പെടുത്താത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

നിലവില്‍ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത ഉണ്ടെങ്കില്‍ അത് മലയാളി താരമായ സഞ്ജു സാംസണ് തന്നെയാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

ഹര്‍ഭജന്‍ സിങ് സഞ്ജുവിനെക്കുറിച്ച് പറഞ്ഞത്

‘സത്യം പറഞ്ഞാല്‍ സഞ്ജുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. എത്ര റണ്‍സ് നേടിയാലും അവനെ ടീമില്‍ നിന്ന് ഒഴിവാക്കും. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ 15 പേര്‍ക്ക് മാത്രമാണ് പരമാവധി ഇടം നേടാന്‍ സാധിക്കൂ. സഞ്ജുവിന്റെ ശൈലിക് ഏറ്റവും നല്ല ഫോര്‍മാറ്റാണിത്. മധ്യനിര തകരുമ്പോള്‍ റണ്‍സ് നേടുന്ന താരമാണ് സഞ്ജു. ഈ ഫോര്‍മാറ്റില്‍ അവന് 55-56 ബാറ്റിങ് ശരാശരിയുമുണ്ട്.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള അവസാന ഏകദിനത്തില്‍ അവന് സെഞ്ച്വറിയുണ്ട്. അവസാനം കളിച്ച ടി-20 പരമ്പരകളിലും, നിലവിലെ ഇംഗ്ലണ്ട് പരമ്പരയിലും സഞ്ജു മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നിട്ടും അവനെ സെക്കന്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായി ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിച്ചില്ല.

അവനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ആരുടെ സ്ഥാനത്ത് ഉള്‍പ്പെടുത്തുമെന്നാണ് പലരും ചോദിക്കുന്നത്. സ്ഥാനങ്ങളൊക്കെ വിചാരിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. സ്‌പെഷ്യലിസ്റ്റ് കീപ്പറായി മാത്രമല്ല അല്ലാതെയും ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയാല്‍ എന്താണ് പ്രശ്‌നം,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടി-20 മത്സരത്തിലെ ആദ്യ മത്സരത്തില്‍ മിന്നും പ്രകടനമാണ് സഞ്ജു നടത്തിയത്. നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്. ഗസ് ആറ്റ്കിന്‍സണെറിഞ്ഞ ഓവറില്‍ 22 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20 ഇന്ന് (ശനി) ചെന്നൈയിലെ ചിദമ്പരം സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുകാണ്.

Content Highlight: Harbhajan Singh Talking About Sanju Samson