ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ നടക്കുകയാണ്. പിങ്ക് ബോളിലെ ഡേ- നൈറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയും 180 റണ്‍സിന് ഓള്‍ ഔട്ട് ആകുകയും ചെയ്തിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് നേടിയത്.
ഇതോടെ ആദ്യ ദിനം ഇന്ത്യ ബൗളിങ്ങില്‍ പരാജയപ്പെട്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിനെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നാണ് ഹര്‍ഭജന്‍ സിങ് പറഞ്ഞത്. ആദ്യ ദിനം വെറും ഒരു ഓവര്‍ മാത്രമാണ് അശ്വിന് നല്‍കിയിരുന്നത്. എന്നാല്‍ താരത്തിന് ഒരു ഫുള്‍ സ്‌പെല്‍ നല്‍കണമായിരുന്നു എന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.
‘അദ്ദേഹം കുറച്ച് ഓവര്‍ എറിയണമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തില്‍ നിന്ന് ഒരു ഫുള്‍ സ്പെല്‍ ആവശ്യമായിരുന്നു, ഇത് ടീമിനെ സഹായിക്കുമായിരുന്നു, കാരണം അദ്ദേഹം ഈ സ്‌റ്റേഡിയത്തില്‍ മുമ്പ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. രോഹിത് അദ്ദേഹത്തിന് ഒരു ഓവര്‍ മാത്രം നല്‍കിയതില്‍ ഞാന്‍ അത്ഭുതപ്പെട്ടു.
നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം അശ്വിന്‍ മാര്‍നസ് ലാബുഷാനെതിരെയും നഥാന്‍ മക്സ്വീനിക്കെതിരെയും ബൗള്‍ ചെയ്യണമായിരുന്നു. വിക്കറ്റ് വീഴ്ത്തുന്ന ബൗളറായതിനാല്‍ രണ്ടാം ദിവസം അശ്വിന് കൂടുതല്‍ ഓവര്‍ ലഭിക്കണം,’ ഹര്‍ഭജന്‍ പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് 42 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ 37 റണ്‍സും ശുഭ്മന്‍ ഗില്‍ 31 റണ്‍സും നേടി ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഓസീസിന് വേണ്ടി ക്രീസില്‍ തുടരുന്നത് ഓപ്പണര്‍ നഥാന്‍ മെക്‌സ്വീനിയും (97 പന്തില്‍ 38) മാര്‍നസ് ലബുഷാനുമാണ് (67 പന്തില്‍ 20). ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ (13 റണ്‍സ്) വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഓസീസിന്റെ ആദ്യ വിക്കറ്റ് നേടിയത്.
Content Highlight: Harbhajan Singh Talking About R. Ashwin