|

ടൂര്‍ണമെന്റിലെ മികച്ച ബോളാണത്; കൊല്‍ക്കത്തയുടെ വജ്രായുധത്തെ പ്രശംസിച്ച് ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും മോശം സ്‌കോറാണ് ഹൈദരാബാദ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കി 2024 ഐ.പി.എല്‍ സീസണിന് വിരാമം ഇടുകയായിരുന്നു. വെങ്കിടേഷ് അയ്യരുടെയും റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് കൊല്‍ക്കത്ത വിജയം എളുപ്പമാക്കിയത്. 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാലു ഫോറും അടക്കം 52 റണ്‍സ് നേടിയ വെങ്കിടേഷിന്റെ അവസാന സിംഗിളോടെ ടീമിനെ കിരീടത്തില്‍ എത്തിക്കുകയായിരുന്നു.

തുടക്കത്തിലെ ആക്രമിച്ച് കളിക്കാനുള്ള ആത്മവിശ്വാസത്തിലാണ് കമ്മിന്‍സും സംഘവും ചെപ്പോക്കില്‍ ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ പുറത്തായത്. അഞ്ച് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്. താരത്തിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്ത് വന്നിരുന്നു.

‘എന്നെ സംബന്ധിച്ചിടത്തോളം ഇത് ടൂര്‍ണമെന്റിലെ മികച്ച പന്താണ്. അഭിഷേകിന് ഒരു അവസരമില്ലായിരുന്നു, അവന്‍ സ്തംഭിച്ചുപോയി. പന്ത് മികച്ച രീതിയില്‍ സ്വിങ് ചെയ്താണ് ഓഫ് സ്റ്റമ്പില്‍ തട്ടിയത്,’ ഹര്‍ഭജന്‍ സിങ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

സ്റ്റാര്‍ക്ക് ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരുന്നു. 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റ് നേടുന്ന താരം എന്ന നേട്ടമാണ് സ്റ്റാര്‍ക്ക് നേടിയത്. ഏഴ് ബൗള്‍ഡ് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി കളിയിലെ താരമാകാനും സ്റ്റാര്‍ക്കിന് സാധിച്ചു.

കൊല്‍ക്കത്തക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയ ആന്ദ്രെ റസലും രണ്ട് വിക്കറ്റുകല്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും ഹര്‍ഷിദ് റാണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വൈഭവും നരെയ്നും ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായകമായി.

Content Highlight: Harbhajan Singh Talking about Mitchell Starcs Bowling