2025 ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം അവന് ലഭിക്കും; വമ്പന്‍ പ്രസ്താവനയുമായി ഹര്‍ഭജന്‍ സിങ്
Sports News
2025 ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം അവന് ലഭിക്കും; വമ്പന്‍ പ്രസ്താവനയുമായി ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th September 2024, 8:37 pm

ഐ.പി.എല്‍ 2025ന്റെ ചൂടന്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. മെഗാ ലേലത്തിന് മുന്നോടിയായി ഏതെല്ലാം താരങ്ങള്‍ ഫ്രാഞ്ചൈസി മാറുമെന്നും ഏതെല്ലാം താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുമെന്നുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെക്കുറിച്ച് സംസാരിക്കുകയാണ്. 2025 ഐ.പി.എല്ലിന്റെ മെഗാ ലേലത്തില്‍ പങ്കെടുത്താല്‍ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന താരമാകാന്‍ ബുംറയ്ക്ക് സാധിക്കും എന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടത്.

ബുംറ സ്വയം ലേലത്തില്‍ പങ്കെടുത്താല്‍ 30 മുതല്‍ 35 കോടി വരെ ലഭിക്കുമെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. തന്റെ എക്‌സ് അക്കൗണ്ടില്‍ എഴുതിയ പോസ്റ്റിലാണ് താരം ഇങ്ങനെ പറഞ്ഞത്.

‘ജസ്പ്രീത് ബുംറ സ്വയം ലേലത്തില്‍ വന്നാല്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനാവാന്‍ കഴിയും. നിങ്ങള്‍ യോജിക്കുന്നുണ്ടോ?,’ഹര്‍ഭജന്‍ എഴുതി.

‘എന്റെ കാഴ്ചപ്പാടില്‍ കോണ്‍വര്‍സേഷന്‍ തുടര്‍ന്നാല്‍ 30 മുതല്‍ 35 കോടി വരെ ബുംറയ്ക്ക് സുഖമായി ലഭിക്കും, എല്ലാ ഐ.പി.എല്‍ ടീമും അവനുവേണ്ടി യുദ്ധം ചെയ്യും,’ഹര്‍ഭജന്‍ പോസ്റ്റിലില്‍ എഴുതി.

2013ല്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി അരങ്ങേറ്റം കുറിച്ച് സ്റ്റാര്‍ ബൗളര്‍ ബുംറ കാലങ്ങളോളം ടീമിന് വേണ്ടി വമ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും 2025 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ബുംറയെ നിലനിര്‍ത്തുമെന്നത് ഉറപ്പാണ്.

113 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല 10 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ നേടിയ മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. ഐ.പി.എല്ലില്‍ ഇതുവരെ രണ്ട് ഫൈഫര്‍ വിക്കറ്റുകള്‍ ആണ് താരം നേടിയത്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാറുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവിനെയും ഹര്‍ദിക് പാണ്ഡ്യയെയും നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസി മുന്‍കൈ എടുക്കും.

 

Content Highlight: Harbhajan Singh Talking About Indian Pace Bowler Jasprit Bumrah