Sports News
ടേണിങ് പിച്ചുകളാണ് നിങ്ങളുടെ ശത്രു; ഇന്ത്യന്‍ ക്രിക്കറ്റിനെതിരെ തുറന്നടിച്ച് ഹര്‍ബജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 04, 12:50 pm
Monday, 4th November 2024, 6:20 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യ ഞെട്ടിക്കുന്ന പരാജയമാണ് ഏറ്റുവാങ്ങിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.

സ്‌കോര്‍

ന്യൂസിലാന്‍ഡ്: 235 & 174

ഇന്ത്യ: 263 & 121 (T: 147)

ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയതിന് പിന്നാലെയാണ് ഇന്ത്യ മൂന്നാം ടെസ്റ്റില്‍ പരാജയം സമ്മതിച്ചത്. ഇതിന് പുറകെ നിരവധി താരങ്ങള്‍ ഇന്ത്യയെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഹര്‍ബജന്‍ സിങ്ങും ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. ടേണിങ് പിച്ചുകള്‍ ഒരുക്കിയത് ഇന്ത്യയ്ക്ക് തന്നെ ശത്രുവായെന്നാണ് സിങ് പറഞ്ഞത്.

ഹര്‍ബജന്‍ ഇന്ത്യയെ വിമര്‍ശിച്ചത്

‘ടേണിങ് പിച്ചുകള്‍ ഞങ്ങള്‍ക്ക് തന്നെ ശത്രുവായി. നിങ്ങള്‍ ഞങ്ങളെ മറികടന്നതില്‍ അഭിനന്ദനങ്ങള്‍. ഇന്ത്യ മികച്ച പിച്ചുകളില്‍ കളിക്കണം, കുറേ വര്‍ഷങ്ങളായി ഇത് പറഞ്ഞുവരുന്നു. ഈ ടേണിങ് പിച്ചുകളില്‍ ഓരോ ബാറ്റ്സ്മാനും വളരെ സാധാരണക്കാരനായി കളിച്ചു,’ ഹര്‍ഭജന്‍ സിങ് എക്സില്‍ എഴുതി.

ഈ തോല്‍വിക്ക് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. നിലവില്‍ ഓസ്ട്രേലിയക്ക് താഴെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരക്ക് മുമ്പ് വ്യക്തമായ ആധിപത്യം പോയിന്റ് പട്ടികയില്‍ ഇന്ത്യക്കുണ്ടായിരുന്നു. 71.67 എന്ന മികച്ച പോയിന്റ് ശതമാനമാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഓസ്ട്രേലിയക്കാകട്ടെ 62.50 ശതമാനവും.

എന്നാല്‍ പരമ്പര കിവികള്‍ വൈറ്റ് വാഷ് ചെയ്തതോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.33ലേക്ക് കൂപ്പുകുത്തി. രണ്ടാം സ്ഥാനത്തേക്കും ഇന്ത്യ കാലിടറി വീണു.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളിലെ അവസാന ഹോം സീരീസിലാണ് ഇന്ത്യ ഇത്തരത്തില്‍ നാണംകെട്ട് പരാജയപ്പെട്ടത്. ഇനി ഇന്തയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. നവംബര്‍ 22ന് തുടങ്ങുന്ന മത്സരത്തില്‍ വിജയമല്ലാതെ മറ്റൊന്നും ഇന്ത്യ ലക്ഷ്യം വെക്കുന്നില്ല.

Content Highlight: Harbhajan Singh Talking About Indian Cricket Team