ആര് വേണമെങ്കിലും പരിശീലകനാവട്ടെ, പക്ഷെ ഇന്ത്യക്ക് വേണ്ടത് ആ ഒറ്റ കാര്യം; പ്രസ്താവനയുമായി ഹര്‍ഭജന്‍ സിങ്
Sports News
ആര് വേണമെങ്കിലും പരിശീലകനാവട്ടെ, പക്ഷെ ഇന്ത്യക്ക് വേണ്ടത് ആ ഒറ്റ കാര്യം; പ്രസ്താവനയുമായി ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th May 2024, 12:46 pm

ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന കുട്ടി ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇതിനോടനുബന്ധിച്ച് ഇന്ത്യന്‍ ടീമിലെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് എത്തിയിട്ടുണ്ട്. നിലവില്‍ ജൂണ്‍ അവസാനം വരെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡും ഇന്ത്യയുടെ ഒപ്പമുണ്ട്.

എന്നാല്‍ ജൂലൈ മുതല്‍ 2027 ഡിസംബര്‍ വരെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ആരാണ് എത്തുക എന്ന് വ്യക്തമല്ല. നിരവധി പേര്‍ പരിശീലക സ്ഥാനത്തേക്ക് ആപ്ലിക്കേഷന്‍ അയച്ചിട്ടുണ്ട്. എന്നാല്‍ ആപ്ലിക്കേഷന്‍ അയച്ചെന്ന് പറഞ്ഞ് പലരുടേയും പേരുകള്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പകരം ഗംഭീറിനെ നിയമിക്കുമെന്ന റിപ്പോര്‍ട്ടുകളോട് ഹര്‍ഭജന്‍ സിങ് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.

‘ഗൗതം ഗംഭീര്‍ അപേക്ഷിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. ഇതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. എന്റെ പേര് പോലും പ്രചരിക്കുന്നുണ്ടെങ്കിലും ഞാന്‍ എന്റെ പേപ്പറുകള്‍ സമര്‍പ്പിച്ചിട്ടില്ല. അപേക്ഷിച്ചവരുടെ പേരുകളോ അല്ലാത്തവരോ അല്ല. എല്ലാവരെയും ഒരുമിപ്പിച്ച് ഒരു യൂണിറ്റായി പ്രവര്‍ത്തിക്കുക എന്നതായിരിക്കും പരിശീലകന്റെ പ്രധാന ജോലി. ഗംഭീറോ ആശിഷ് നെഹ്‌റയോ ദേശീയ ടീമിനെ പരിശീലിപ്പിച്ചാലും കളിക്കാരെ ഒരേ പേജില്‍ കൊണ്ടുവരേണ്ടതുണ്ട്. എനിക്ക് ജോലി നല്‍കിയാല്‍, ഞാന്‍ അതേ ദിശയില്‍ പ്രവര്‍ത്തിക്കും. മുന്‍ ടീമിനെ അപേക്ഷിച്ച് ഫലങ്ങള്‍ മെച്ചപ്പെടണം,’ ഹര്‍ഭജന്‍ സിങ് പി.ടി.ഐയോട് പറഞ്ഞു.

നിലവില്‍ ടി-20 ലോകകപ്പിന്റെ നുന്നൊരുക്കത്തിനായി ഇന്ത്യന്‍ ടീമിലെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെതിരായ സൗഹൃദ മത്സരത്തില്‍ വിരാട് കളിക്കില്ല. താരം നേരത്തെ ബി.സി.സി.ഐയോട് വിശ്രമത്തിന് ആവിശ്യപ്പെട്ടിരുന്നു.

 

Content Highlight: Harbhajan Singh Talking About India’s Head Coach Appointment