ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോകകപ്പില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇതോടെ മിക്ക ടീമുകളും പരിശീലന സെക്ഷന്‍ ആരംഭിച്ചിരിക്കുകയാണ്. ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്.
സൗഹൃദ മത്സരത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പരിശിലനത്തിന് ഇറങ്ങിയിട്ടുണ്ട്. ഒരു കളിക്കാരനെന്ന നിലയിലും മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ എന്ന നിലയിലും 2024 ഐ.പി.എല്‍ സീസണില്‍ വന്‍ പരാജയമായിരുന്നു ഹര്‍ദിക്. പാണ്ഡ്യയുടെ നേതൃത്വത്തില്‍ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്.
എന്നാല്‍ ലോകകപ്പില്‍ ഹാര്‍ദിക് മികച്ച തിരിച്ചുവരവ് നടത്തുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് ഇപ്പോള്‍ പറയുന്നത്.
‘അവന്‍ ഇന്ത്യക്ക് വേണ്ടി നീല ജേഴ്‌സി ധരിക്കുമ്പോള്‍ വ്യത്യസ്തനായ ഹാര്‍ദിക് പാണ്ഡ്യയാകും, കാരണം അദ്ദേഹത്തിന് റണ്‍സ് സ്‌കോര്‍ ചെയ്യാനും വിക്കറ്റുകള്‍ നേടാനും കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം. ഒരുപാട് ബുദ്ധിമുട്ടിയ താരമാണ് അവന്‍. ഇന്ത്യക്ക് വേണ്ടി നല്ല ഒരു ടൂര്‍ണമെന്റ് കളിക്കാന്‍ അവന് സാധിക്കും,’ ഹര്‍ഭജന്‍ പി.ടി.ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
2007ല്‍ എം.എസ്. ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Harbhajan Singh Talking About Hardik Pandya