2015 ഏകദിന ലോകകപ്പില്‍ താനടക്കമുള്ള അഞ്ച് കളിക്കാരെ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 2011ല്‍ ഇന്ത്യയക്ക് ലോകകപ്പ് നേടിക്കൊടുത്ത മികച്ച താരങ്ങളായിരുന്നിട്ടും 2015 ലോകകപ്പില്‍ തങ്ങളെ ഒഴിവാക്കിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം അത്ഭുതപ്പെടുത്തിയെന്നാണ് താരം പറഞ്ഞത്.
വിരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ് തുടങ്ങിയ കഴിവു തെളിയിച്ച താരങ്ങളെ പരിഗണിച്ചില്ല എന്നത് ഇന്നും ഒരു രഹസ്യമായി തുടരുകയാണെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. അടുത്തിടെ സ്‌പോര്‍ട്‌സ് യാരിയില്‍ നടന്ന അഭിമുഖത്തിലാണ് ഹര്‍ഭജന്‍ വീണ്ടും കാര്യം ഓര്‍മിപ്പിച്ചത്.
‘ഇത് ഇപ്പോഴും നിഗൂഢമായി തുടരുകയാണ്. 2015 ലോകകപ്പില്‍ എനിക്കും സഹീര്‍ ഖാനും യുവരാജ് സിങ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്കും അവസരം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞങ്ങള്‍ എല്ലാവരും ഫിറ്റായിരുന്നു, മാത്രമല്ല മികച്ച പ്രകടനങ്ങവും നടത്തിയിരുന്നു. ഞങ്ങളില്‍ നിന്ന് ആവശ്യമുള്ളത് 2011ല്‍ ലഭിച്ചെന്ന് തീരുമാനമെടുക്കുന്നവര്‍ക്ക് തോന്നിയിരിക്കാം,’ അദ്ദേഹം പറഞ്ഞു.
നിലവില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലും ഗൗതം ഗംഭീറിന്റെ പരിശീലനത്തിലും ഇന്ത്യ ക്രിക്കറ്റില്‍ വമ്പന്‍ വിജയങ്ങള്‍ നേടി മുന്നേറുകയാണ്. അടുത്തിടെ കഴിഞ്ഞ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്റെയും രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെയും വിജയമാണ് ടീം സ്വന്തമാക്കിയത്.
ഇനി ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഒക്ടോബര്‍ ഒമ്പതിന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 12ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നടക്കും.
Content Highlight: Harbhajan Singh Talking About 2015 World Cup