ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ഒളിയമ്പുമായി ഹര്‍ഭജന്‍ സിംഗ്. 2011 ലോകകപ്പിന് ശേഷം അര്‍ഹിച്ച പരിഗണന ക്യാപ്റ്റന്‍ തനിക്ക് നല്‍കിയില്ലെന്നാണ് ഭാജി പറയുന്നത്.
സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന സമയത്ത് തനിക്ക് ടീമില്‍ നിന്നും അര്‍ഹിച്ച പരിഗണനയും പിന്തുണയും ലഭിച്ചിരുന്നുവെന്നും എന്നാല്‍, 2011 ലോകപ്പിന് ശേഷം, ധോണി ക്യാപ്റ്റനായിരിക്കെ താരത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നെന്നും ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘എപ്പോഴാണോ ടീമില്‍ നിന്നും സഹതാരങ്ങളില്‍ നിന്നും നമുക്ക് പിന്തുണ ലഭിക്കുന്നത്, അതെപ്പോഴും പ്രകടനത്തെ മികച്ചതാക്കും. എന്നാല്‍ ശരിയായ സമയത്ത് തനിക്കാവശ്യമായ പരിഗണനയോ പിന്തുണയോ ലഭിച്ചിരുന്നില്ല. ഒരു പക്ഷേ 500-550 വിക്കറ്റുകള്‍ ഞാന്‍ എന്നേ നേടിയേനേ, കാരണം എനിക്ക് 31 വയസ്സുള്ളപ്പോള്‍ തന്നെ ഞാന്‍ 400 വിക്കറ്റ് നേടിയിരുന്നു.
ഒരുപക്ഷേ മൂന്നോ നാലോ വര്‍ഷം കൂടി ഞാന്‍ ടീമില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഉറപ്പായും ഞാന്‍ 500-500 വിക്കറ്റുകള്‍ വീഴ്ത്തിയേനെ,’ താരം പറയുന്നു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
‘ എന്നാല്‍ എനിക്ക് 500 വിക്കറ്റുകള്‍ വീഴ്ത്താനായില്ല. അതിന് ഒരുപാട് കാരണങ്ങളുണ്ട്. അതിനെ കുറിച്ച് പറഞ്ഞ് തുടങ്ങിയാല്‍ എല്ലാം ചികഞ്ഞ് പുറത്തിടേണ്ടിവരും. അതുകൊണ്ട് മാത്രം ഞാനത് ചെയ്യുന്നില്ല,’ ഹര്‍ഭജന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ഹര്‍ഭജന്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചത്. മനസില്‍ നിന്നും എന്നോ വിരമിച്ചതായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴാണ് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്നുമായിരുന്നു ഹര്‍ഭജന്‍ പറഞ്ഞത്.
216 ല്‍ കളിച്ച ടി-20 മത്സരത്തിലാണ് അവസാനമായി ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്.
103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റ് നേടിയ ഹര്‍ഭജനാണ് ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലെ നാലാമന്‍. ടെസ്റ്റില്‍ അഞ്ച് തവണ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
236 ഏകദിനങ്ങളില്‍ നിന്ന് 269 വിക്കറ്റും 28 ടി-20യില്‍ നിന്ന് 25 വിക്കറ്റും നേടിയിട്ടുണ്ട്. മികച്ച ബാറ്റര്‍ കൂടിയായ ഭാജി ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയടക്കം 2224 റണ്‍സും ഏകദിനത്തില്‍ 1237 റണ്‍സും നേടിയിട്ടുണ്ട്.
ഐ.പി.എല്ലില്‍ തുടക്കം മുതല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്ന ഹര്‍ഭജന്‍ 2020 ല്‍ ചെന്നൈ സൂപ്പര്‍കിംഗ്സിലും 2021 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലുമായിരുന്നു. 163 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.