| Monday, 1st October 2018, 1:02 pm

രോഹിത്തിനെ പുറത്താക്കിയതില്‍ പ്രതിഷേധം; സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ്. ഈ സെലക്ടര്‍മാര്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും ക്ലൂ ഉണ്ടോ എന്നും ഇതൊന്നും എനിക്കത്ര ദഹിക്കുന്നില്ലെന്നും ഹര്‍ഭജന്‍ സിംഗ് ട്വീറ്ററില്‍ കുറിച്ചു.

“വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ രോഹിത് ഇല്ല. ഈ സെലക്ടര്‍മാര്‍ എങ്ങനെയാണ് ചിന്തിക്കുന്നത്, ആര്‍ക്കെങ്കിലും എന്തെങ്കിലും ക്ലൂ ഉണ്ടോ. ഉണ്ടെങ്കില്‍ എനിക്കൊന്ന് പറഞ്ഞുതരണം. ഇതൊന്നും എനിക്കത്ര ദഹിക്കുന്നില്ല”. ഹര്‍ഭജന്‍ പറഞ്ഞു.

ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താത്തതില്‍ അതിശയം പ്രകടിപ്പിച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. ഏഷ്യാകപ്പില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിതിനെ അഭിനന്ദിച്ച ഗാംഗുലി, ടെസ്റ്റ് ടീമില്‍ അദ്ദേഹത്തിന്റെ പേരു കാണാത്തത് അദ്ഭുതപ്പെടുത്തിയെന്നും പറഞ്ഞു.


Read Also : മെസ്സി വിരമിക്കണം; ദേശീയ ടീമിലേക്ക് മടങ്ങിവരരുതെന്നും മറഡോണ


“ഉജ്വലനേട്ടമാണ് ഇന്ത്യന്‍ ടീമും രോഹിത് ശര്‍മയും കൈവരിച്ചത്. രോഹിത്തിന്റെ പ്രകടനം അസാധ്യമായിരുന്നു. എങ്കിലും ടെസ്റ്റ് ടീമില്‍ അദ്ദേഹത്തിന്റെ പേരു ഇല്ലാത്തതില്‍ ഞാന്‍ അദ്ഭുതപ്പെട്ടു പോകുന്നു. എന്തായാലും ടെസ്റ്റ് ടീമിലെ സ്ഥാനം അധികം അകലെയല്ലെന്നു കരുതുന്നു” ഗാംഗുലി കുറിച്ചു.

നിരവധി പേരാണ് ടെസ്റ്റ് ടീമില്‍ നിന്ന് രോഹിത്തിനെ പുറത്താക്കിയ നടപടിക്കെതിരെ രംഗത്തെത്തുന്നത്. ഒക്ടോബര്‍ നാലിന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടു മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഏഷ്യാകപ്പില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കുമെന്ന് കരുതിയിരിക്കെയാണ് രോഹിത്തിന് വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ അവസരം ലഭിക്കാതെ പോയത്.

ഏഷ്യ കപ്പിലെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഏകദിന റാങ്കിംഗില്‍ വിരാട് കോഹ്ലിയ്ക്ക് പിന്നിലെത്തിയിട്ടുണ്ട് രോഹിത് ശര്‍മ്മ. 884 റേറ്റിംഗ് പോയിന്റുള്ള വിരാട് കോഹ്ലിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷം ജൂലൈയില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്ന രോഹിത് ഇത് രണ്ടാം തവണയാണ് വീണ്ടും ആ സ്ഥാനത്തേക്ക് എത്തുന്നത്. 317 റണ്‍സാണ് രോഹിത് ശര്‍മ്മ ഇന്ത്യയ്ക്കായി ഏഷ്യ കപ്പില്‍ നേടിയത്.

കൂടാതെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിച്ച ശീഖര്‍ ധവാനെയും ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഏഷ്യാ കപ്പിലെ മാന്‍ ഓഫ് ദ് ടൂര്‍ണമെന്റായിരുന്നു ധവാന്‍

We use cookies to give you the best possible experience. Learn more