കൂടിയ സാധനമാണല്ലോ വലിച്ചുകയറ്റിയത്!! ധോണിയെ റിസ്വാനൊപ്പം താരതമ്യം ചെയ്ത പാക് ഇന്‍ഫ്‌ളുവന്‍സറോട് ഹര്‍ഭജന്‍
Sports News
കൂടിയ സാധനമാണല്ലോ വലിച്ചുകയറ്റിയത്!! ധോണിയെ റിസ്വാനൊപ്പം താരതമ്യം ചെയ്ത പാക് ഇന്‍ഫ്‌ളുവന്‍സറോട് ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th July 2024, 12:19 pm

ഇന്ത്യന്‍ ലെജന്‍ഡ് എം.എസ്. ധോണിയെ മുഹമ്മദ് റിസ്വാനുമായി താരതമ്യം ചെയ്ത പാകിസ്ഥാന്‍ ഇന്‍ഫ്‌ളുവന്‍സറും കണ്ടന്റ് ക്രിയേറ്ററുമായ ഫരീദ് ഖാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്.

ധോണി റിസ്വാനെക്കാള്‍ എത്രയോ മുമ്പിലാണെന്നും റിസ്വാനോട് ചോദിച്ചാല്‍ അദ്ദേഹം ഇതുതന്നെ പറയുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു ഹര്‍ഭജന്റെ പ്രതികരണം.

 

തന്റെ എക്‌സ് അക്കൗണ്ടിലൂടെ ഫരീഖ് ഖാന്‍ ചോദിച്ച ഒരു ചോദ്യമാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ‘സത്യം പറയൂ, ധോണിയോ അതോ റിസ്വാനോ? ആരാണ് മികച്ചത്?’ എന്നാണ് ഫരീദ് ഖാന്‍ ചോദിച്ചത്. ഇതിന് മറുപടിയായാണ് ഹര്‍ഭജന്‍ രംഗത്തെത്തിയത്.

‘നീ ഈയിടെയായി എന്താണ് പുകച്ചുതള്ളുന്നത്? എന്തൊരു മണ്ടന്‍ ചോദ്യമാണ് ചോദിച്ചിരിക്കുന്നത്. ധോണി റിസ്വാനെക്കാള്‍ എത്രയോ മുമ്പിലാണെന്ന് ആരെങ്കിലും ഇവനോട് ഒന്ന് പറയൂ. നിങ്ങള്‍ മുഹമ്മദ് റിസ്വാനോട് ഈ ചോദ്യം ചോദിച്ചാല്‍ ശരിക്കുള്ള ഉത്തരം അദ്ദേഹം തന്നെ പറഞ്ഞുതരും.

എനിക്ക് റിസ്വാനെ ഒരുപാട് ഇഷ്ടമാണ്. അവന്‍ ഒരു മികച്ച താരമാണ്. എപ്പോഴും വിജയിക്കാനുള്ള ആഗ്രഹത്തോടെ കളിക്കുന്ന താരമാണ് അവന്‍. പക്ഷേ ഈ താരതമ്യം തെറ്റാണ്. ധോണി തന്നെയാണ് ഇപ്പോഴും നമ്പര്‍ വണ്‍. വിക്കറ്റിന് പിന്നില്‍ അദ്ദേഹത്തെക്കാള്‍ മികച്ചതായി ആരുമില്ല,’ ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യക്കായി 90 ടെസ്റ്റ് മത്സരങ്ങളില്‍ ധോണി കളത്തിലിറങ്ങിയിട്ടുണ്ട്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 4876 റണ്‍സാണ് നേടിയത്. 256 ക്യാച്ചും 38 സ്റ്റംപിങ്ങും ധോണി ടെസ്റ്റില്‍ നേടിയിട്ടുണ്ട്.

ഏകദിനത്തില്‍ കളിച്ച 350 മത്സരത്തില്‍ നിന്നും 10,773 റണ്‍സാണ് താരം നേടിയത്. 321 ക്യാച്ചും 123 സ്റ്റംപിങ്ങും ഉള്‍പ്പെടെ 444 ഡിസ്മിസ്സലുകളാണ് താരത്തിന്റെ പേരിലുള്ളത്. അന്താരാഷ്ട്ര ടി 20യില്‍ 91 തവണയാണ് ധോണി എതിരാളികളെ മടക്കിയത്.

അതേസമയം, മോഡേണ്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് റിസ്വാന്‍. പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടി-20 താരം കൂടിയാണ് അദ്ദേഹം.

102 ടി-20യില്‍ നിന്നും 3313 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 53 ക്യാച്ചും 11 സ്റ്റംപിങ്ങും അടക്കം 64 ഡിസ്മിസ്സലുകളാണ് കുട്ടി ക്രിക്കറ്റില്‍ താരത്തിന്റെ പേരിലുള്ളത്. ടെസ്റ്റിലും ഏകദിനത്തിലുമായി 158 ഡിസ്മിസ്സലുകളുമാണ് റിസ്വാന്‍ നടത്തിയത്.

 

 

Content highlight: Harbhajan Singh slams Pakistan influencer who compared Mohammad Rizwan with MS Dhoni