|

ശരീരത്തില്‍ ടാറ്റൂ ഇല്ല എന്നതാണോ അവന്റെ കുറവ്? ട്രിപ്പിള്‍ സെഞ്ച്വറിക്ക് ശേഷവും അവന്‍ പുറത്താക്കപ്പെട്ടു; ആഞ്ഞടിച്ച് ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം കരുണ്‍ നായരിനെ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ ബി.സി.സി.ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്. സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും സെലക്ടര്‍മാര്‍ അവനെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ അവന്റെ സ്റ്റാറ്റ്‌സ് പരിശോധിക്കുകയായിരുന്നു. 2024-25ല്‍ അവന്‍ ആറ് ഇന്നിങ്‌സുകള്‍ കളിച്ചു. അഞ്ചിലും പുറത്താകാതെ നിന്നുകൊണ്ട് സ്വന്തമാക്കിയത് 664 റണ്‍സാണ്. ഇതുതന്നെയാണ് അവന്റെ ബാറ്റിങ് ശരാശരിയും. 120 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് അവന്‍ കളിക്കുന്നത്. എന്നിട്ടും സെലക്ടര്‍മാര്‍ അവനെ ടീമിലെടുക്കുന്നില്ല. ഇത് തീര്‍ത്തും അനീതിയാണ്.

പലരും വെറും രണ്ട് മത്സരത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ടീമിന്റെ ഭാഗമായത്. ചിലരാകട്ടെ ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും തെരഞ്ഞെടുക്കപ്പെട്ടു. പിന്നെ എന്തുകൊണ്ട് അവന് മാത്രം മറ്റൊരു നിയമം?

വിരാടും രോഹിത്തും ഫോം ഔട്ടാണെന്നാണ് ആളുകള്‍ പറയുന്നത്, ഫോം വീണ്ടെടുക്കാന്‍ അവരെ രഞ്ജിയിലേക്ക് അയക്കുന്നു. എന്നാല്‍ രഞ്ജിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരോ… എന്തിനാണ് നിങ്ങള്‍ അവരെ അവഗണിക്കുന്നത്? ഇവര്‍ക്ക് എപ്പോഴാണ് കളിക്കാന്‍ സാധിക്കുക. അവര്‍ അവിടെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയില്‍ കരുണ്‍ നായര്‍

ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിന് ശേഷം അവന്‍ എങ്ങനെ ടീമിന് പുറത്തായി എന്നത് എനിക്ക് ഇനിയും മനസിലായിട്ടില്ല. ഇത് എനിക്ക് വളരെ വേദനയുണ്ടാക്കുന്നു, അവനെ പോലെ ഒരു താരത്തെ കുറിച്ച് ആരും തന്നെ സംസാരിക്കുന്നില്ല,’ ഹര്‍ഭജന്‍ പറഞ്ഞു.

നേരത്തെ നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിനൊപ്പമുണ്ടായിരുന്നിട്ടും കരുണിനെ കളത്തിലിറക്കാത്ത മാനേജ്‌മെന്റിന്റെ നടപടിയെയും ഹര്‍ഭജന്‍ വിമര്‍ശിച്ചു. ഓരോ താരങ്ങള്‍ക്കും ഓരോ രീതിയിലുള്ള നിയമമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘അവന്‍ ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി. എന്നാല്‍ ഒറ്റ മത്സരം പോലും അവന് കളിക്കാന്‍ സാധിച്ചില്ല. അഞ്ചാം ടെസ്റ്റിന് വേണ്ടി അവര്‍ ഇന്ത്യയില്‍ നിന്നും ഒരു താരത്തെ വിളിച്ചുവരുത്തുന്ന സാഹചര്യം പോലും ഉണ്ടായി. എനിക്ക് തോന്നുന്നത് അത് ഹനുമ വിഹാരി ആണെന്നാണ്, അവന്‍ കരുണ്‍ നായരിന് പകരം അഞ്ചാം ടെസ്റ്റ് കളിക്കുകയും ചെയ്തു. ഇതിനുള്ള കാരണമെന്തെന്ന് നിങ്ങളെനിക്ക് പറഞ്ഞുതരൂ. ഇത് എന്തെങ്കിലും തരത്തില്‍ അര്‍ത്ഥവത്തായ പ്രവൃത്തിയാണോ?

കരുണ്‍ നായര്‍

ഓരോ താരങ്ങള്‍ക്കും ഓരോ തരം നിയമം… ഒരിക്കലും അങ്ങനെയാകരുത്. അവര്‍ റണ്‍സ് നേടുന്നുണ്ടെങ്കില്‍, നിങ്ങളവരെ കളിപ്പിക്കണം, അതല്ലേ ശരി? അവന്റെ ശരീരത്തില്‍ ഒരു തരത്തിലുമുള്ള ടാറ്റൂകളും ഇല്ല, ഫാന്‍സി വസ്ത്രങ്ങള്‍ ധരിക്കുന്നവനുമല്ല. ഇതാണോ അവനെ ടീമിലെടുക്കാതിരിക്കാനുള്ള കാരണം? അവന്‍ എന്തേ കഠിനാധ്വാനം ചെയ്യുന്നില്ലേ?’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനമാണ് കരുണ്‍ നായര്‍ പുറത്തെടുക്കുന്നത്. ആറ് ഇന്നിങ്‌സുകള്‍ കളിച്ച താരം അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ 664 റണ്‍സാണ് നേടിയത്. ഒരിക്കല്‍ മാത്രമാണ് വിദര്‍ഭ നായകനെ പുറത്താക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചത്.

ഉത്തര്‍പ്രദേശിനെതിരെ മാത്രമാണ് കരുണ്‍ നായര്‍ പുറത്തായത്. എന്നാല്‍ പുറത്താകും മുമ്പേ താരം സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. മത്സരത്തില്‍ 101 പന്തില്‍ നിന്നും 112 റണ്‍സാണ് വിദര്‍ഭ നായകന്‍ സ്വന്തമാക്കിയത്.

തമിഴ്‌നാടിനെതിരെ തൊട്ടുമുമ്പ് നടന്ന മത്സരത്തില്‍ പുറത്താകാതെ 111 റണ്‍സ് താരം അടിച്ചെടുത്തു. ചണ്ഡിഗഡിനെതിരെ പുറത്താകാതെ 163 റണ്‍സ് നേടിയ താരം ഛത്തീസ്ഗഡിനെതിരെ 44* റണ്‍സും ജമ്മു കശ്മീരീനെതിരെ 112* റണ്‍സും സ്വന്തമാക്കി. രാജസ്ഥാനെതിരെ ഒടുവില്‍ കളിച്ച മത്സരത്തില്‍ 88 പന്ത് നേരിട്ട താരം പുറത്താകാതെ 122 റണ്‍സാണ് സ്വന്തമാക്കിയത്.

വിരേന്ദര്‍ സേവാഗിന് ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടം സ്വന്തമാക്കിയിട്ടും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതെ കരുണ്‍ നായര്‍ വിസ്മൃതിയിലേക്ക് ആണ്ടുപോവുകയായിരുന്നു.

Content Highlight: Harbhajan Singh slams management for overlooking Karun Nair all the time