ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ നിന്നുള്ള വാര്‍ത്തകള്‍ യുവതാരം സര്‍ഫറാസ് ഖാന്‍ പുറത്തുവിട്ടു എന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ ആരോപിച്ചിരുന്നു. ബി.സി.സി.ഐ അവലോകന യോഗത്തിലാണ് ഗംഭീര്‍ ഇക്കാര്യം പറഞ്ഞതെന്നാണ് ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്തത്.
ബോക്‌സിങ് ഡേ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഗംഭീര്‍ ഡ്രസ്സിങ് റൂമിലെത്തി താരങ്ങളോട് പരുഷമായ ഭാഷയില്‍ സംസാരിച്ചതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് കാരണം സര്‍ഫറാസ് ഖാനാണെന്നാണ് ഗംഭീര്‍ ബി.സി.സി.ഐ അവലോകന യോഗത്തില്‍ ആരോപിച്ചത്.
ഗൗതം ഗംഭീര്‍
സര്‍ഫറാസിന്റെ നടപടി ഗംഭീറിനെ ചൊടിപ്പിച്ചുവെന്നും ഇത് താരത്തിന്റെ കരിയറിന് തന്നെ പ്രതികൂലമാകാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഭീര്‍ പരിശീലകനായി ഇരിക്കുന്നിടത്തോളം കാലം സര്‍ഫറാസ് ഇന്ത്യയ്ക്കായി കളിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
സര്‍ഫറാസ് ഖാന്‍
എന്നാല്‍ വിഷയത്തില്‍ ഗംഭീറിനെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. ഗംഭീര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നു എന്നും മുമ്പ് ഗ്രെഗ് ചാപ്പല്‍ ഇന്ത്യന്‍ പരിശീലകനായിരിക്കെ ചെയ്ത തെറ്റുകള്‍ ഗംഭീര്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ഭാജി.
ഹര്‍ഭജന്‍ സിങ്
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന കാര്യങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. കളിയില്‍ ജയവും തോല്‍വിയും സാധാരണമാണ്. പക്ഷേ ഡ്രസ്സിങ് റൂം കഥകള്‍ ഓരോ ദിവസവും ഓരോന്ന് എന്ന രീതിയില്‍ പുറത്തുവരാന്‍ പാടില്ല.
ഡ്രസ്സിങ് റൂമിലെ സംഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് സര്‍ഫറാസാണെന്ന് ഗംഭീര്‍ പറഞ്ഞതായി ഒരു റിപ്പോര്‍ട്ട് കണ്ടു. കോച്ച് അങ്ങനെ പറഞ്ഞുവെങ്കില്‍ അത് തീര്‍ച്ചയായും ഒഴിവാക്കേണ്ടതായിരുന്നു.
ഓസ്‌ട്രേലിയയില്‍ വച്ച് സര്‍ഫറാസ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അവനോട് നേരിട്ട് സംസാരിക്കണമായിരുന്നു, കാരണം നിങ്ങളാണ് ടീമിന്റെ പരിശീലകന്‍. സര്‍ഫറാസ് മികച്ച കളിക്കാരനാണ്, ചെറുപ്പവും. നിങ്ങള്‍ അവനെ പറഞ്ഞു മനസിലാക്കണമായിരുന്നു. ഭാവിയില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ളതാണ്.
മുതിര്‍ന്ന താരങ്ങളെന്ന നിലയില്‍ യുവതാരങ്ങളെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കേണ്ടത് നമ്മുടെ കടമയാണ്. സര്‍ഫറാസ് അങ്ങനെ ചെയ്തുവെങ്കില്‍ അത് തെറ്റാണ്. ഡ്രസ്സിങ് റൂമിലെ സംഭാഷണങ്ങള്‍ പുറത്തറിയാനുള്ളതല്ല.
ഗംഭീര്‍ പരിശീലകന്റെ റോളില്‍ പുതിയ ആളാണ്. അദ്ദേഹത്തിന് കുറച്ച് കൂടെ സമയം നല്‍കേണ്ടത് ആവശ്യമാണ്. പുതിയ സംവിധാനവുമായി പൊരുത്തപ്പെടാന്‍ കളിക്കാര്‍ക്കും സമയം വേണ്ടിവരും,’ ടര്‍ബനേറ്റര്‍ പറഞ്ഞു.
‘ഡ്രസിങ് റൂമിലെ പടലപ്പിണക്കങ്ങള്‍ ഇരുന്ന് സംസാരിച്ച് പരിഹരിക്കേണ്ട വിഷയമാണ്. കഴിഞ്ഞ ആറുമാസക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് അഭ്യൂഹങ്ങള്‍ നിറയുകയാണ്.
പരിശീലകരും താരങ്ങളും തമ്മിലുള്ള പൊരുത്തവും സഹകരണവും ടീമിന് പ്രധാനമാണ്. ഗ്രെഗ് ചാപ്പല്‍ കോച്ചായിരുന്ന 2005-06 കാലത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു,’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Harbhajan Singh slams Gautam Gambhir who made allegations against Sarfaraz Khan