മൃഗങ്ങളെ പോലെയുള്ള പെരുമാറ്റം നിര്‍ത്തു, ഇന്ത്യന്‍ ടീമിനോടുള്ള എന്റെ ലൊയാല്‍റ്റി ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരുമല്ല; ആരാധകര്‍ക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിങ്
ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ഹര്‍ഭജന്‍ സിങ്. കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ വാങ്ങികൂട്ടുന്ന താരമാണ് അദ്ദേഹം.
ഒരു ലൈവ് ടി.വി ഷോയില്‍ ഇന്ത്യന്‍ ടീമിലെ ആര്‍ക്കും ഗംഭീറിനെ ഇഷ്ടമല്ലെന്ന പാകിസ്ഥാന്‍ ഇതിഹാസം ഷാഹിദ് അഫ്രിദിയുടെ വാചകത്തിന് ചിരിച്ചതിനാണ് അദ്ദേഹത്തിനെ ആരാധകര്‍ ട്രോളിയത്.
മുന്‍ കാലങ്ങളില്‍ ഷാഹിദ് അഫ്രിദിയുമായി ഗംഭീര്‍ നിരവധി തവണ വഴക്കിട്ടിട്ടുണ്ട്. ആ ഒരു ഓര്‍മ പങ്കിട്ടപ്പോഴായിരുന്നു അഫ്രിദിയുടെ ഗംഭീറിനെതിരെയുള്ള സ്റ്റേറ്റ്‌മെന്റ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഭാജി ഗംഭീറിനെ ഡിഫന്‍ഡ് ചെയ്യുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ അദ്ദേഹം ചിരിച്ചത് ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു.
ഇന്ത്യന്‍ ടീമിനോടുള്ള അദ്ദേഹത്തിന്റെ ലൊയാല്‍റ്റിയെ ആരാധകര്‍ ചോദ്യം ചെയ്യുകയായിരുന്നു. ദിവസങ്ങളോളം നീണ്ടുനിന്ന ട്രോളുകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഭജന്‍. തന്റെ കാലില്‍ തൈര് വീണതുകൊണ്ടാണ് ചിരിച്ചതെന്നും ഗംഭീര്‍ തന്റെ സഹോദരനാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. ആരാധകര്‍ മൃഗങ്ങളെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ലൈവ് സെഗ്മെന്റിന് ശേഷം ആരാധകര്‍ മൃഗങ്ങളെപ്പോലെയാണ് പെരുമാറിയത്. അവര്‍ എന്തൊക്കെയോ ഊഹിച്ചു വെച്ചു, എന്താണ് സന്ദര്‍ഭം എന്നുപോലും അറിയാന്‍ ശ്രദ്ധിച്ചില്ല. എന്റെ കാലില്‍ എന്തോ വീണതായി ഞാന്‍ അറിഞ്ഞിരുന്നു അത് എന്താണെന്ന് നോക്കിയപ്പോള്‍ തൈരായിരുന്നു അതുകൊണ്ടാണ് ഞാന്‍ ചിരിച്ചത്.
‘ഞാനും ഗംഭീറും സഹോദരങ്ങളാണ്. ഞങ്ങള്‍ പങ്കിടുന്ന ബോണ്ട് സവിശേഷമാണ്. അതിനെക്കുറിച്ച് ഞാന്‍ ആരോടും വ്യക്തത നല്‍കേണ്ടതില്ല,’ ഭാജി പറഞ്ഞു.
ഇന്ത്യയോടുള്ള തന്റെ ലോയാല്‍റ്റി ചോദ്യം ചെയ്യാന്‍ ആരാധകര്‍ യോഗ്യരല്ലെന്നു താന്‍ അഭിമാനിയായ ഇന്ത്യനാണെന്നും ഭാജി കൂട്ടിച്ചേര്‍ത്തു. ധോണി, യുവി ഗംഭീര്‍ പിന്നെ ബാക്കി എല്ലാവരും തന്റെ ഫാമിലി പോലെയാണെന്നും അവരെ ആരെങ്കിലും ടാര്‍ഗറ്റ് ചെയ്താല്‍ ഞാന്‍ ചോദിക്കുമെന്നും അദ്ദേഹം പറയുന്നു.
‘ഞാന്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് എന്നെ ഒരിക്കലും പരീക്ഷിക്കരുത്. ഞാന്‍ അഭിമാനിയായ ഒരു ഇന്ത്യക്കാരനാണ്, എന്റെ ഹൃദയം ഇന്ത്യക്കായിട്ടാണ് ഇടിക്കുന്നത്. രാജ്യത്തോടുള്ള എന്റെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടുമ്പോള്‍ വേദനിക്കുന്നുണ്ട്. ഗംഭീര്‍, ധോണി, യുവി തുടങ്ങി എല്ലാവരും എന്റെ കുടുംബത്തെപ്പോലെയാണ്, അവരെ ടാര്‍ഗറ്റ് ചെയ്യുന്നവര്‍ക്കെതിരെ ഢാന്‍ ചോദിക്കും,’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.