ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ഇപ്പോള്‍ കളമൊരുങ്ങുന്നത്. ഫെബ്രുവരി ഒമ്പതിന് വിദര്‍ഭയില്‍ വെച്ചാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൈലാറ്ററല്‍ സീരീസുകളൊന്നിന്റെ പുതിയ എഡിഷന്‍ ആരംഭിക്കുന്നത്.
മികച്ച സ്‌ക്വാഡുമായിട്ടാണ് ഇന്ത്യയും ഓസീസും പരമ്പരക്കിറങ്ങുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയില്‍ തന്നെ നിലനിര്‍ത്താന്‍ രോഹിത്തും സംഘവും ഇറങ്ങുമ്പോള്‍ 2015ന് ശേഷം ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേര് മായ്ക്കാനാകും ഓസീസ് ഇറങ്ങുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പര ഏറെ നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കണമെങ്കില്‍ ഇന്ത്യക്ക് ഓസീസിനെ വന്‍ മാര്‍ജിനില്‍ തന്നെ തോല്‍പിക്കണം. ഫൈനല്‍ ബെര്‍ത്ത് ഇതിനോടകം തന്നെ ഉറപ്പിച്ച ഓസ്‌ട്രേലിയ നഷ്ടപ്പെടാനൊന്നുമില്ലാതെ, എന്നാല്‍ മനസില്‍ നിറയെ പ്രതികാര ബുദ്ധിയുമായിട്ടാകും കളത്തിലിറങ്ങുക.
വിദര്‍ഭയില്‍ നടക്കുന്ന ആദ്യ മത്സരത്തിനുള്ള തന്റെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മന്‍ ഗില്ലിനെ ഓപ്പണറായി തെരഞ്ഞെടുത്ത ഹര്‍ഭജന്‍, വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ ഒഴിവാക്കിക്കൊണ്ടാണ് ടീം സെലക്ട് ചെയ്തിരിക്കുന്നത് എന്നതാണ് കൗതുകകരമായ വസ്തുത.
വിക്കറ്റ് കീപ്പറുടെ റോളിലേക്ക് എസ്. ഭരത്തിനെ തെരഞ്ഞെടുത്ത ഹര്‍ഭജന്‍ മിഡില്‍ ഓര്‍ഡറില്‍ രവീന്ദ്ര ജഡേജയെയും സൂര്യകുമാര്‍ യാദവിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും പേസ് ഓപ്ഷനായി തെരഞ്ഞെടുത്ത ടര്‍ബണേറ്റര്‍ സ്പിന്‍ ഓപ്ഷനായി ആര്‍. അശ്വിനെയും അക്‌സര്‍ പട്ടേലിനെയും ടീമില്‍ ഉള്‍പ്പെടുത്തി.
ഹര്‍ഭജന്‍ തെരഞ്ഞെടുത്ത ഈ ടീം തന്നെ ആദ്യ ടെസ്റ്റ് കളിച്ചാല്‍ മതിയെന്നാണ് ആരാധകര്‍ പറയുന്നത്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുക എന്നതിനേക്കാളുപരി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുക എന്നതുതന്നെയാകും ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് സ്റ്റാന്‍ഡിങ്‌സില്‍ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും ഫൈനല്‍ കളിക്കാന്‍ സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്.
നിലവില്‍ 58.93 വിജയശതമാനമായിട്ടാണ്. ഇന്ത്യ രണ്ടാമത് തുടരുന്നത്. മൂന്നാം സ്ഥാനത്തുള്ള ലങ്കക്ക് 53.33 ശതമാനമാണ് വിജയമുള്ളത്.