Sports News
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡില്‍ സഞ്ജു സാംസണും റിഷബ് പന്തും; തകര്‍പ്പന്‍ സ്‌ക്വാഡ് തെരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 14, 02:48 am
Tuesday, 14th January 2025, 8:18 am

ക്രിക്കറ്റ് ലോകത്തെ പ്രധാന ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യയും പാകിസ്ഥാനുമൊഴികെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുണ്ട്.

സ്‌ക്വാഡ് തെരഞ്ഞെടുക്കാന്‍ ഇന്ത്യ ഐ.സി.സിയോട് സമയം ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തന്റെ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. സ്‌ക്വാഡില്‍ ഏറെ അമ്പരപ്പിച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ ഹര്‍ഭജന്‍ തെരഞ്ഞെടുത്തതാണ്. കെ.എല്‍. രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയാണ് മുന്‍ താരം സഞ്ജുവിനെയും റിഷബ് പന്തിനെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

ഏകദിനത്തില്‍ സഞ്ജു സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് അവസാനമായി കളിച്ചത്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി താരം സെഞ്ച്വറി നേടിയിരുന്നു. മാത്രമല്ല അടുത്തിടെ ടി-20യില്‍ ബാക് ടു ബാക് ഉള്‍പ്പെടെ മൂന്ന് മിന്നും സെഞ്ച്വറികളാണ് താരം നേടിയത്. പന്തിന്റെ കാര്യത്തില്‍ അവസാനമായി കളിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മികവ് പുലര്‍ത്തിയ പ്രകടനം വിരളമാണ്.

വിരാട് കോഹ്‌ലിയും യശസ്വി ജെയ്‌സ്വാളും ഓപ്പണിങ് ജോഡികളാക്കിയ സ്‌ക്വാഡില്‍ അനുഭവ സമ്പത്തുള്ള രവീന്ദ്ര ജഡേജയെ ഒഴിവാക്കി സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെയാണ് ഹര്‍ഭജന്‍ ഉള്‍പ്പെടുത്തിയത്. മാത്രമല്ല കുല്‍ദീപ് യാദവിനെയും മുന്‍ താരം സ്പിന്നര്‍ ഓപ്ക്ഷനായി തെരഞ്ഞെടുത്തു. പേസ് ഓപ്ക്ഷനില്‍ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെയാണ് ഹര്‍ഭജന്‍ തെരഞ്ഞെടുത്തത്.

2025ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഹര്‍ഭജന്റെ ടീം

യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിഷബ് പന്ത്/സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍.

ടൂര്‍ണമെന്റില്‍ കറാച്ചിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശും ഇന്ത്യയും ദുബായില്‍ ഏറ്റുമുട്ടും. ഇന്ത്യയുടെ രണ്ടാം മത്സരം പാകിസ്ഥാനുമായിട്ടാണ്. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മത്സരമാണിത്. ഫെബ്രുവരി 23നാണ് മത്സരം.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍, വേദി, തിയ്യതി എന്ന ക്രമത്തില്‍

ബംഗ്ലാദേശ് VS ഇന്ത്യ – ദുബായ് – 2025 ഫെബ്രുവരി 20, വ്യാഴം

പാകിസ്ഥാന്‍ VS ഇന്ത്യ – ദുബായ് – 2025 ഫെബ്രുവരി 23, ഞായര്‍

ന്യൂസിലാന്‍ഡ് VS ഇന്ത്യ – ദുബായ് – 2025 മാര്‍ച്ച് 2, ഞായര്‍

 

Content Highlight: Harbhajan Singh Selected Sanju Samson In 2025 Champions Trophy Squad