ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍ നേരിടുന്നത് വലിയ അവഗണനയാണെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. ചഹല്‍ നേരിടുന്നത് അവഗണനയാണെന്നും അതിന്റെ കാരണം എന്താണെന്ന് തനിക്കിനിയും മനസിലായിട്ടില്ല എന്നുമാണ് ഹര്‍ഭജന്‍ പറഞ്ഞത്. ഐ.എല്‍.ടി-20യിലെ സൈഡ് ലൈന്‍ റിപ്പോര്‍ട്ടിങ്ങിനിടെയാണ് ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്.
‘മറ്റേത് സ്പിന്നറിനേക്കാളും മുമ്പേ ഞാന്‍ ചഹലിനെ തെരഞ്ഞെടുക്കും,’ 2024 ടി-20 ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്ന് സ്പിന്നര്‍മാരെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോല്‍ ഹര്‍ഭജന്‍ പറഞ്ഞു.
‘അവന്‍ (യൂസ്വേന്ദ്ര ചഹല്‍) നിരന്തരമായി അവഗണിക്കപ്പെടുകയാണ്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അവനോളം മികച്ച മറ്റൊരു ലെഗ് സ്പിന്നര്‍ നമ്മുടെ രാജ്യത്തുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവനെ പോലെ ധൈര്യശാലിയായ മറ്റൊരു സ്പിന്നര്‍ നമുക്കുണ്ടോ എന്നും എനിക്കറിയില്ല,’ ടര്‍ബനേറ്റര്‍ പറഞ്ഞു.
ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമായ ചഹല്‍ ഏറെ നാളായി ഇന്ത്യയുടെ ടി-20 ടീമിന് പുറത്താണ്. സമീപകാലത്ത് നടന്ന ഇന്ത്യയുടെ ടി-20 പരമ്പരകളിലൊന്നും ചഹലിന് സ്ഥാനമുണ്ടായിരുന്നില്ല.
ഇന്ത്യക്കായി പന്തെറിഞ്ഞ 79 മത്സരത്തില്‍ നിന്നും 96 വിക്കറ്റുകളാണ് ചഹല്‍ നേടിയത്. 25.09 എന്ന ശരാശരിയിലും 18.3 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ചഹല്‍ ടി-20യില്‍ പന്തെറിയുന്നത്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ രണ്ട് തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ചഹല്‍ ഒരു തവണ അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്.
2016ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ 25 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ചഹലിന്റെ കരുത്തില്‍ ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കിയിരുന്നു. കളിയിലെ താരമായും പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടതും ചഹല്‍ തന്നെ.
ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് ചഹല്‍ പുറത്തെടുക്കുന്നത്. കഴിഞ്ഞ സീസണില്‍ 14 മത്സരത്തില്‍ നിന്നും 21 വിക്കറ്റുകളാണ് ചഹല്‍ സ്വന്തമാക്കിയത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍ റോല്‍സിന്റെ തുറുപ്പുചീട്ട്.
കഴിഞ്ഞ സീസണില്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ചഹല്‍ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന നേട്ടമാണ് ചഹല്‍ സ്വന്തമാക്കിയത്.