| Thursday, 7th September 2023, 10:35 pm

സഞ്ജുവിനെ പുറത്താക്കിയതില്‍ ഒരു തെറ്റുമില്ല,എതിര്‍ സ്ഥാനത്തുണ്ടായിരുന്നത് വിരാടിനേക്കാളും മികച്ചവന്‍; സൂപ്പര്‍താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 15 അംഗ സ്‌ക്വാഡില്‍ ഒരുപാട് സര്‍പ്രൈസുകളൊന്നുമില്ലായിരുന്നു. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ കാര്യത്തില്‍ മാത്രമായിരുന്നു ചര്‍ച്ചകളുണ്ടായിരുന്നത്. ഒടുവില്‍ മുംബൈ ഇന്ത്യന്‍ താരമായ സൂര്യകുമാര്‍ യാദവിനെ തേടി വിളിയെത്തുകയായിരുന്നു.

സഞ്ജുവിനെ തഴഞ്ഞ് സൂര്യയെ ടീമിലുള്‍പ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഏകദിനത്തില്‍ സൂര്യയെക്കാള്‍ മികച്ച നമ്പറുകള്‍ സഞ്ജുവിന് ഉണ്ടായിരുന്നത്‌കൊണ്ട് സഞ്ജുവാണ് സ്ഥാനം അര്‍ഹിക്കുന്നതെന്നായിരുന്നു സഞ്ജു ആരാധകരുടെ വാദം.

എന്നാല്‍ സൂര്യ ഇന്ത്യന്‍ ടീമിന്റെ പ്ലേയിങ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്ന താരമാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ബജന്‍ സിങ്. സഞ്ജു റിസ്‌കി ക്രിക്കറ്റാണ് കളിക്കുന്നതെന്നും നാലാം നമ്പറില്‍ സൂര്യയേക്കാള്‍ മികച്ച താരങ്ങള്‍ രാജ്യത്തില്ലെന്നും ഭാജി പറഞ്ഞു. തനിക്ക് നേരെ കല്ലേറുകള്‍ കിട്ടിയാലും ഇക്കാര്യം എടുത്ത് പറയുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

‘സൂര്യകുമാര്‍ യാദവ് ഒരു സമ്പൂര്‍ണ്ണ കളിക്കാരനാണെന്ന് എനിക്ക് തോന്നുന്നു. സഞ്ജു സാംസണോട് സെലക്ടര്‍മാര്‍ കടുത്ത നടപടി സ്വീകരിച്ചതായി എനിക്ക് തോന്നുന്നില്ല. സഞ്ജു ഒരു നിലവാരമുള്ള കളിക്കാരനാണെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ നിങ്ങള്‍ക്ക് 15 പേരെ മാത്രമേ തെരഞ്ഞെടുക്കാനാകൂ. സഞ്ജുവിന് മുകളില്‍ സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്തത് ശരിയായ നീക്കമാണെന്ന് എനിക്ക് തോന്നുന്നു. കാരണം മധ്യ ഓവറുകളില്‍ സൂര്യകുമാര്‍ യാദവിന്റെ മികവ് സഞ്ജുവിന് ഇതുവരെ ഉണ്ടായിട്ടില്ല.

സൂര്യകുമാര്‍ യാദവ് വിശ്വാസ്യത നല്‍കുന്നു, അയാള്‍ക്ക് വലിയ സ്‌കോറുകള്‍ നേടാനാകും, അതേസമയം സഞ്ജു ഹെവി റിസ്‌ക് ക്രിക്കറ്റാണ് കളിക്കുന്നത്. ചിലര്‍ സൂര്യയുടെ ഏകദിന നമ്പറുകള്‍ എനിക്കെതിരെ പറയാന്‍ ഉപയോഗിച്ചേക്കാം. എന്നാല്‍ ടി-20യില്‍ അദ്ദേഹം എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം.

ഒരുപാട് ഡെലിവറികള്‍ ബാക്കിനില്‍ക്കെ അദ്ദേഹം ബാറ്റിങ്ങില്‍ ഇറങ്ങുകയാണെങ്കില്‍, അദ്ദേഹത്തെക്കാള്‍ മികച്ച ഒരു കളിക്കാരന്‍ രാജ്യത്തുടനീളം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആ ബാറ്റിങ് പൊസിഷനില്‍ അദ്ദേഹത്തിന് എന്തും ചെയ്യാന്‍ കഴിയും. രോഹിത്തിനും വിരാടിനും പോലും അതിന് സാധിക്കില്ല ”സ്റ്റാര്‍ സ്പോര്‍ട്സ് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ഹര്‍ബജന്‍ സിങ് പറഞ്ഞു.

Content Highlight: Harbhajan Singh Says Surya Kumar is far better than Sanju Samson at Number Four

We use cookies to give you the best possible experience. Learn more