| Thursday, 20th July 2023, 10:11 pm

അവര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല; ഇന്ത്യന്‍ ടീമിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം ഇന്ത്യക്ക് മികച്ച ഒരുപാട് ടാലെന്റുകളുണ്ട്. ബൈലാറ്ററല്‍ പരമ്പരകളില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരുപാട് നാളുകളായി ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീം കാലിടറാറാണ് പതിവ്.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഗ്രൂപ് സ്റ്റേജില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിക്കാറുണ്ട്. എന്നാല്‍ സെമി ഫൈനലിലും ഫൈനലിലും ഇന്ത്യക്ക് എന്നും കാലിടറും. ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഇത്. 2013ല്‍ ധോണിയുടെ കീഴില്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യന്‍ ടീം അവസാനമായി നേടിയ ഐ.സി.സി ട്രോഫി.

ഇതിന് ശേഷം ടി-20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ഡബ്ല്യു.ടി.സി എന്നിവയടക്കം പല ഐ.സി.സി ടൂര്‍ണമെന്റുകളിലും ഇന്ത്യ പങ്കെടുത്തെങ്കിലും ഒരിക്കല്‍പ്പോലും ട്രോഫി വരുതിയിലാക്കാനായില്ല.

2011ലായിരുന്നു ഏകദിന ലോകകപ്പില്‍ ഇന്ത്യ അവസാനമായി ജേതാക്കളായത്. അന്ന് ശ്രീലങ്കയെ വീഴ്ത്തിയായിരുന്നു 1983നു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് നേട്ടം. ഈ വര്‍ഷം വീണ്ടുമൊരു ലോകകപ്പ് നാട്ടില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ പ്രതീക്ഷകളും വാനോളമാണ്. പക്ഷെ ചില കളിക്കാര്‍ മാത്രം മനസുവെച്ചാല്‍ ഐ.സി.സി ട്രോഫിയെന്ന ഇന്ത്യയുടെ മോഹം പൂവണിയില്ലെന്നാണ് ഭാജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ന്യൂസ് 24നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ മോശം പ്രകടനങ്ങളുടെ പ്രധാന കാരണം എന്തായിരിക്കാമെന്ന ചോദ്യത്തിനു തനിക്ക് കൃത്യമായ ഉത്തരമില്ലെന്നായിരുന്നു ഹര്‍ഭജന്റെ മറുപടി.

‘എനിക്കറിയില്ല, നമുക്ക് എന്താണ് ഉള്ളതെന്നും ഇല്ലാത്തതെന്നും പറയുകയെന്നത് എനിക്കു വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. 2015, 2019 വര്‍ഷങ്ങളിലെ ഏകദിന ലോകകപ്പുകളില്‍ നമ്മള്‍ സെമി ഫൈനലുകള്‍ വരെ കളിച്ചു. പക്ഷെ ഐ.സി.സി ട്രോഫി നമുക്ക് നേടാന്‍ സാധിച്ചില്ല. സമ്മര്‍ദമുള്ളതുകൊണ്ട് കളിക്കാനുള്ള ശേഷി ഇന്ത്യന്‍ ടീമില്‍ ഒന്നോ, രണ്ടോ കളിക്കാരില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഇതായിരിക്കാം ചിലപ്പോള്‍ ഇന്ത്യന്‍ പരാജയത്തിന് കാരണം. വലിയ ടൂര്‍ണമെന്റുകളില്‍ നിങ്ങള്‍ ഒരു ടീമെന്ന നിലയില്‍ ഒരേ മനസോടെ, ഒറ്റക്കെട്ടായി കളിക്കേണ്ടതുണ്ട്,’ ഹര്‍ഭജന്‍ നിരീക്ഷിച്ചു.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഹര്‍ദിക്ക് പാണ്ഡ്യ തുടങ്ങിയവരോടൊപ്പം ബാക്കിയുള്ള എട്ടുപേരും ഒരുമിച്ച് കളിച്ചിട്ടെ കാര്യമുള്ളെന്നാണ് അദ്ദേഹം പറയുന്നത്.

‘ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുണ്ട്. അവര്‍ വലിയ താരങ്ങളാണ്. പക്ഷെ ഈ മൂന്നു പേര്‍ക്കൊപ്പം ടീമിലെ ബാക്കി എട്ട് പേരടങ്ങുന്ന 11 കളിക്കാരും, ടീം മാനേജ്മെന്റും ഒരേ ലക്ഷ്യത്തോട ഒരുമിച്ച് നീങ്ങണം. എങ്കില്‍ മാത്രമേ ഐ.സി.സി ട്രോഫിക്കായുള്ള ഇന്ത്യയുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂ,’ ഭാജി കൂട്ടിച്ചേര്‍ത്തു. 2011ല്‍ ഇന്ത്യ അവസാനമായി ലോക ചാമ്പ്യന്‍മാരായപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു ഹര്‍ഭജന്‍.

വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം അഞ്ച് തവണ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയക്കെതിരെയാണ്. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലെ ചെപോക്ക് സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം. രണ്ടാം മത്സരത്തില്‍ അഹമ്മദാബാദില്‍ വെച്ച് ഇന്ത്യ പാകിസ്ഥാനെ നേരിടും. ഒക്ടോബര്‍ 15നാണ് ഈ മത്സരം.

Content Highlight: Harbhajan Singh Says Indian Team has to play as a Team to win ICC Trophy

We use cookies to give you the best possible experience. Learn more