| Sunday, 26th February 2023, 8:49 pm

സെവാഗിനെയാണോ ചീഫ് സെലക്ടറാക്കുന്നത്? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചേക്കണം: ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ചേതന്‍ ശര്‍മ കളമൊഴിഞ്ഞതോടെ പകരക്കാരനെ അന്വേഷിക്കുകയാണ് ബി.സി.സി.ഐ. ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റേതാണ്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ സെവാഗ് മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡിട്ട താരം കൂടിയാണ്. അദ്ദേഹത്തെ സെലക്ടറായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്.

എന്നാല്‍ സെവാഗിനെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് കാത്തിരിക്കേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. നിലവില്‍ ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ക്ക് പ്രതിവര്‍ഷം ഒരു കോടി രൂപയാണ് പ്രതിഫലം.

സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്ക് 90 ലക്ഷം രൂപയും. സെലക്ഷന്‍ കമ്മിറ്റിയുടെ ഉത്തരവാദിത്തം ഉള്ളപ്പോള്‍ മറ്റ് ക്രിക്കറ്റ് ലീഗുകളില്‍ സഹകരിക്കാനോ കമന്റേറ്ററായി പ്രവര്‍ത്തിക്കാനോ സാധിക്കില്ല.

അതുകൊണ്ട് സെവാഗിനെ പോലൊരു താരത്തിന് സെലക്ടറുടെ ചുമതലയേല്‍ക്കുന്നത് സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹമതിന് സമ്മതിക്കാന്‍ സാധ്യതയില്ലെന്നും പറഞ്ഞിരിക്കുകയാണ് ഭാജി.

‘ഒത്തിരി മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള, ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ അറിവുള്ള ഒരാള്‍ സെലക്ടറായി വരുന്നത് കൂടുതല്‍ ഗുണമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ആരും ആ അവസരം എടുക്കാത്തത്? സെവാഗിന്റെ കാര്യത്തില്‍ അതിനൊരു ഉദാഹരണം ഞാന്‍ പറയാം.

നിങ്ങള്‍ അദ്ദേഹത്തോട് ചീഫ് സെലക്ടരാകാന്‍ ആവശ്യപ്പെടുകയാണെങ്കില്‍, സാലറിയുടെ കാര്യത്തില്‍ ഒരു വിശകലനം നടത്തേണ്ടതുണ്ട്.

ഇന്ത്യയില്‍ ഒരു ചീഫ് സെലക്ടര്‍ എത്രയാണ് സമ്പാദിക്കുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍ സെവാഗ്, കമന്ററിയിലും മറ്റ് ക്രിക്കറ്റ് അനുബന്ധ മേഖലയിലും കൂടുതല്‍ പണം സമ്പാദിക്കുന്നുണ്ട്. സെവാഗിനെ പോലൊരു താാരത്തെ ഈ പൊസിഷനില്‍ എത്തിക്കണമെങ്കില്‍ നിങ്ങള്‍ കൂടുതല്‍ പ്രതിഫലം നല്‍കേണ്ടി വരും.

നിങ്ങള്‍ പണം മുടക്കാന്‍ തയ്യാറല്ലെങ്കില്‍ വലിയ മത്സരങ്ങളിലൊന്നും കളിക്കാത്ത, അത്ര പരിചയ സമ്പത്തില്ലാത്ത ഒരാളെ തെരഞ്ഞെടുക്കേണ്ടി വരും.

രാഹുല്‍ ദ്രാവിഡിനെ കോച്ചാക്കിയതുപോലെ, നല്ല എക്‌സ്പിരിയന്‍സ് ഉള്ളയാളെ ചീഫ് സെലക്ടര്‍ ആക്കുന്നതാകും ഉചിതം.

കാര്യങ്ങള്‍ ഭംഗിയായി തന്നെ മുന്നോട്ടുപോകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കോച്ചിനും സെലക്ടര്‍ക്കുമൊക്കെ ഒരുപോലെ വേതനം ലഭിക്കുമെങ്കില്‍ വേറെ പ്രശ്‌നമെന്താണ്? ടീമില്‍ സ്ഥിരമായി നില്‍ക്കുകയും ടീമിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യലുമാണ് ഒരു കോച്ചിന്റെ ജോലി.

ടീം സെലക്ഷനും അത്ര തന്നെ പ്രാധാന്യമുള്ള ജോലിയാണ്. മികച്ച താരങ്ങളെ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. അല്ലാതെ കോച്ചിനോ ടീമിനോ സെറ്റ് ആകാത്ത ഒരു താരത്തെ തെരഞ്ഞെടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

Content Highlights: Harbhajan singh’s suggestion to BCCI

We use cookies to give you the best possible experience. Learn more