ടി-20 ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിനുള്ള ആവേശത്തിലാണ് ആരാധകര്‍. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ മത്സരത്തില്‍ ഇന്ത്യയുടെ അടുത്ത തലമുറയിലെ സൂപ്പര്‍ താരങ്ങളെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ സ്‌ക്വാഡിന്റെ ഭാഗമാണ്.
ശുഭ്മന്‍ ഗില്ലിനെ നായകനാക്കിയാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബി.സി.സി.ഐയുടെ ഈ നീക്കത്തിനെതിരെ ആരാധകര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.
ക്യാപ്റ്റന്‍സിയില്‍ ഗില്ലിന് എന്ത് മുന്‍പരിചയമാണ് ഉള്ളതെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിച്ചത്. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്നെങ്കിലും സീസണിലെ ഏറ്റവും മോശം ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു ഗില്‍. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ടൈറ്റന്‍സ് ഫിനിഷ് ചെയ്തത്.
സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് അപെക്‌സ് ബോര്‍ഡ് ഗില്ലിനെ ക്യാപ്റ്റനാക്കിയതെന്നും ഇവര്‍ ചോദിക്കുന്നു. ഐ.പി.എല്ലിലെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സഞ്ജു ഒന്നിലധികം തവണ രാജസ്ഥാന്‍ റോയല്‍സിനെ പ്ലേ ഓഫിന് യോഗ്യരാക്കിയിരുന്നു. 2022ല്‍ സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ ഫൈനല്‍ കളിക്കുകയും ചെയ്തിരുന്നു.
രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ ടീമിനെ നയിച്ച നായകനെന്ന നേട്ടവും ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റന്‍ എന്ന റെക്കോഡും കഴിഞ്ഞ സീസണില്‍ സഞ്ജു സ്വന്തമാക്കിയിരുന്നു. ഇതെല്ലാം മറന്നുകൊണ്ടാണ് ഇന്ത്യ സിംബാബ്‌വന്‍ പര്യടനത്തില്‍ ഗില്ലിനെ ക്യാപ്റ്റന്‍സിയേല്‍പിച്ചത്.
ഇതോടെ രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യന്‍ നായകനാകാന്‍ യോഗ്യനായ താരം സഞ്ജു സാംസണ്‍ ആണെന്ന ഹര്‍ഭജന്‍ സിങ്ങിന്റെ പ്രസ്താവനകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ ടീമിനെ വിജയത്തിലെത്തിച്ചതിന് പിന്നാലെയാണ് ഭാജി സഞ്ജുവിനെ ഇന്ത്യയുടെ ഭാവി നായകനെന്ന് വിശേഷിപ്പിച്ചത്.
എക്‌സിലെഴുതിയ കുറിപ്പിലാണ് ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്.
‘ഫോം എന്നത് താത്കാലികമാണെന്നും ക്ലാസ് എന്നത് ശാശ്വതമാണെന്നും യശസ്വി ജെയ്സ്വാള്‍ ഒരിക്കല്‍ക്കൂടി കാണിച്ചുതന്നിരിക്കുകയാണ്. ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരായിരിക്കണം എന്നതിനെ സംബന്ധിച്ച് ഇനി ഒരു തര്‍ക്കവും ഉണ്ടാകേണ്ടതില്ല. സഞ്ജു സാംസണ്‍ ഉറപ്പായും ടി-20 ലോകകപ്പിനുള്ള ടീമില്‍ ഉണ്ടാകണം. ഇതിന് പുറമെ രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ അടുത്ത ടി-20 നായകനായും വളര്‍ത്തിയെടുക്കണം. എന്തെങ്കിലും സംശയമുണ്ടോ?’ ഹര്‍ഭജന്‍ കുറിച്ചു.
Yashasvi Jaiswal’s knock is a proof of class is permanent . Form is temporary @ybj_19 and there shouldn’t be any debate about Keepar batsman . @IamSanjuSamson should walks in to the Indian team for T20 worldcup and also groomed as a next T20 captain for india after rohit . koi…
— Harbhajan Turbanator (@harbhajan_singh) April 22, 2024
ടി-20 ലോകകപ്പില്‍ സഞ്ജുവിനെ പുറത്തിരുത്തിയതിനെ ന്യായീകരിക്കാമെന്നും എന്നാല്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയത് ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കുന്നതെല്ല എന്നും ആരാധകര്‍ പറയുന്നു.
അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരക്കാണ് ഇന്ത്യ ഹരാരെയിലേക്ക് പറക്കുന്നത്. ജൂലൈ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.
അതേസമയം, കഴിഞ്ഞ ദിവസം സിംബാബ്‌വേ പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരം സിക്കന്ദര്‍ റാസയെ ക്യാപ്റ്റനാക്കിയാണ് ടീം സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.