10,000 റണ്‍സ് നേടിയില്ലെങ്കില്‍ നാണക്കേട്, അതിന് സാധിച്ചില്ലെങ്കില്‍ അവന്റെ മാത്രം തെറ്റ്; ഹര്‍ഭജന്റെ വാക്കുകള്‍ ചര്‍ച്ചയില്‍
Sports News
10,000 റണ്‍സ് നേടിയില്ലെങ്കില്‍ നാണക്കേട്, അതിന് സാധിച്ചില്ലെങ്കില്‍ അവന്റെ മാത്രം തെറ്റ്; ഹര്‍ഭജന്റെ വാക്കുകള്‍ ചര്‍ച്ചയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd September 2024, 11:23 am

ടെസ്റ്റ് അരങ്ങേറ്റത്തിലെ മോശം പ്രകടനത്തിന് പിന്നാലെ താന്‍ വിരാട് കോഹ്‌ലിക്ക് നല്‍കിയ ഉപദേശം ഓര്‍ത്തെടുത്ത് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. വിരാട് കോഹ്‌ലിക്ക് ടെസ്റ്റ് ഫോര്‍മാറ്റില്‍ 10,000 റണ്‍സ് നേടാന്‍ സാധിക്കുമെന്ന് താന്‍ പറഞ്ഞിരുന്നെന്നും അതിന് സാധിച്ചില്ലെങ്കില്‍ അത് വിരാടിന്റെ മാത്രം തെറ്റാണെന്നുമാണ് ഭാജി പറയുന്നത്.

2011ല്‍ വിന്‍ഡീസിനെതിരെയാണ് വിരാട് അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അരങ്ങേറ്റ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇതോടെ വിരാട് കോഹ്‌ലി സ്വയം സംശയിച്ചിരുന്നെന്നും ഭാജി പറഞ്ഞു.

തരുവര്‍ കോഹ്‌ലിയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് പര്യടനം നടത്തുകയായിരുന്നു. ആ പര്യടനത്തില്‍ ഫിഡല്‍ എഡ്വാര്‍ഡ്‌സ് വിരാടിനെ ബുദ്ധിമുട്ടിച്ചുകൊണ്ടേയിരുന്നു. വിക്കറ്റിന് മുമ്പില്‍ കുടുക്കിയും ഷോര്‍ട്ട് ബോളില്‍ തളച്ചിട്ടുമാണ് എഡ്വാര്‍ഡ്‌സ് അവന്റെ വിക്കറ്റുകള്‍ നേടിക്കൊണ്ടിരുന്നത്.

ഇത്തരത്തില്‍ പുറത്താകുന്നതില്‍ അവനും ഏറെ നിരാശനായിരുന്നു. താനൊരു നല്ല ക്രിക്കറ്ററല്ലേ എന്ന് അവന്‍ സ്വയം സംശയിക്കാന്‍ ആരംഭിച്ചു. അപ്പോള്‍ ടെസ്റ്റില്‍ 10,000 റണ്‍സ് നേടാന്‍ സാധിച്ചില്ലെങ്കില്‍ സ്വയം ലജ്ജിക്കേണ്ടി വരുമെന്ന് ഞാന്‍ അവനോട് പറഞ്ഞു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള എല്ലാ കഴിവും നിനക്കുണ്ട്. അതിന് സാധിക്കുന്നില്ലെങ്കില്‍ അത് നിന്റെ മാത്രം തെറ്റായിരിക്കും. അതിന് ശേഷം വിരാട് ചെയ്തതെന്തോ, അത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത് പോലെയായിരുന്നു,’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ തുടക്കത്തില്‍ പതറിയെങ്കിലും വിരാടിന്റെ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. 49.15 ശരാശരിയില്‍ 8,848 റണ്‍സ് നേടിയാണ് വിരാട് മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായത്.

ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കിയ താരങ്ങളുടെ എലീറ്റ് ലിസ്റ്റിലും വിരാട് ഇടം നേടി. 113 മത്സരത്തില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ താരം 29 സെഞ്ച്വറിയും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്.

 

ജോ റൂട്ട്, സ്റ്റീവ് സ്മിത്, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ക്കൊപ്പം ഫാബ് ഫോറിലും ഇടം നേടിയ വിരാട്, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായും സ്വയം അടയാളപ്പെടുത്തി.

 

Content Highlight: Harbhajan Singh revels his words to Virat Kohli after poor test debut