ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്‌ക്വാഡായിരുന്നു 211 ലോകകപ്പിലെ ഇന്ത്യന്‍ ടീം. ഇന്ത്യയില്‍ വെച്ച് നടന്ന ലോകകപ്പിലെ ജേതാക്കളായ ടീം ഒരു ഡ്രീം ലോകകപ്പായിരുന്നു കളിച്ചത്. മികച്ച ബാറ്റര്‍മാരും ബൗളര്‍മാരും ഓള്‍റൗണ്ടര്‍മാരുമായുള്ള മികച്ച കോമ്പിനേഷനായിരുന്നു ആ ടീം.
മഹേന്ദ്ര സിങ് ധോണിയുടെ കീഴില്‍ അന്നിറങ്ങിയ സക്വാഡ് പിന്നീട് ഒരിക്കലും ഒരുമിച്ച് കളിച്ചില്ലായിരുന്നു. ചില താരങ്ങളൊക്കെ ലോകകപ്പോടെ അപ്രത്യക്ഷ്യരാകുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അന്നത്തെ ടീമിലെ പ്രധാന അംഗമായിരുന്ന ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.
ന്യസ് 24ന്റെ ഒരു ചര്‍ച്ചയില്‍ ലോകകപ്പ് ടീമെന്താണ് പിന്നീട് ഒരുമിച്ച് കളിക്കാത്തതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഭാജി. അതിപ്പോഴും തനിക്കും ഒരു മിസ്റ്ററിയാണെന്നാണ് ഭാജി പറയുന്നത്. ലോകകപ്പ് വരെ എല്ലാവരെയും പ്രോപ്പറായി ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
‘അത് എനിക്കറിയില്ല. അവര്‍ ലാകകപ്പ് വരെ മാത്രമേ ടീമിനെ ഉപയോഗിച്ചിട്ടുള്ളൂ, എന്തുകൊണ്ടാണ് ആ ടീം വീണ്ടും ഒരു മത്സരത്തിന് പോലും ഒത്തുചേരാത്തത് എന്നത് എനിക്ക് ഇപ്പോഴും ഒരു മിസ്റ്ററിയാണ്, അത് വളരെ സര്‍പ്രൈസിങ്ങാണ്. കാര്യങ്ങള്‍ തിരിച്ചെടുക്കാനും ശരിയാക്കാനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുണ്ട്.
നമ്മള്‍ എല്ലാവരും ഒന്നിച്ചുകൊണ്ട് ഒരു കളി കളിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. അത് രസകരമായേനെ എന്നാല്‍ നിര്‍ഭാഗ്യം കാരണം എന്ന് പറയട്ടെ ആ ടീമുമായി മറ്റൊരു ടൂര്‍ണമെന്റോ പോട്ടെ ഒരും മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല,’ഭാജി പറഞ്ഞു.
ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത്. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 91 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ധോണിയായിരുന്നു മത്സരത്തിലെ താരം. ഗംഭീര്‍ 97 റണ്‍സ് നേടിയിരുന്നു.
ഗ്രൂപ്പ് സ്‌റ്റേജ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയോട് മാത്രമായിരുന്നു ഇന്ത്യ തോറ്റത്. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെയും സെമിയില്‍ പാകിസ്ഥാനെയും ഇന്ത്യ പരാജയപെടുത്തിയിരുന്നു. ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങായിരുന്നു ടൂര്‍ണമെന്റിലെ താരം. 1983 ലോകകപ്പിന് ശേഷം ഇന്ത്യ ആദ്യമായി നേടുന്ന ലോകകപ്പായിരുന്നു 2011ലേത്.