2023 ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ഏകദിനലോകകപ്പിൽ പാകിസ്ഥാന്റെ സാധ്യതകൾ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്.
പാക് ടീം ലോകകപ്പിൽ ഒരു ശരാശരി ടീമാണെന്നാണ് ഹർഭജൻ പറഞ്ഞത്.
‘പാകിസ്ഥാൻ ടീമിന് ലോകകപ്പിന്റെ സെമിയിലേക്ക് കടക്കാൻ കഴിയുമെന്ന് ആരാധകർ പറയുന്നു. എന്നാൽ 50 ഓവർ ഫോർമാറ്റിൽ അവർ ശരാശരി പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടി-20 ഫോർമാറ്റിൽ അവർ മികച്ച കളി കളിക്കുന്നു. ഞാൻ നാലാമത്തെ ടീമായി തിരഞ്ഞെടുക്കുന്നത് ന്യൂസിലാൻഡിനെ ആയിരിക്കും. എന്റെ അഭിപ്രായത്തിൽ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ നാല് ടീമുകൾ ആയിരിക്കും സെമിഫൈനലിസ്റ്റുകൾ, ‘ ഹർഭജൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ഏഷ്യാകപ്പിന് മുമ്പ് ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്ന പാകിസ്ഥാൻ ഏഷ്യാകപ്പിലെ നിരാശാജനകമായ പ്രകടനം മൂലം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ മികച്ച വിജയം നേടുകയും സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ വീഴ്ത്തുകയും ചെയ്ത പാകിസ്ഥാൻ പിന്നീട് നടന്ന മത്സരങ്ങളിൽ ഇന്ത്യയ്ക്കെതിരേയും ശ്രീലങ്കക്കെതിരെയും പരാജയപ്പെടുകയായിരുന്നു. അതിനാൽ ബാബറും കൂട്ടരും ഫൈനൽ കാണാതെ പുറത്താവുകയായിരുന്നു.
ലോകകപ്പിന് മുമ്പ് സെപ്റ്റംബർ 29ന് ന്യൂസിലാൻഡിനെതിരെയും ഒക്ടോബർ മൂന്നിന് ഓസ്ട്രേലിയക്കെതിരെയും പാകിസ്ഥാൻ സന്നാഹ മത്സരങ്ങൾ കളിക്കും.
ഒക്ടോബർ 6ന് നെതർലാൻസിനെതിരെയാണ് ലോകകപ്പിലെ പാകിസ്ഥാന്റെ ആദ്യ മത്സരം.