പോയിന്റ് പട്ടികയിെല ഒന്നാമന്മാരുടെ പോരാട്ടത്തിനാണ് ഐ.പി.എല്‍ സാക്ഷ്യം വഹിക്കുന്നത്. ചെവ്വാഴ്ച നടക്കുന്ന മാച്ച് 57ല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ലഖ്നൗ സൂപ്പര്‍ ജയന്റ്സും രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്.
ഇരുവരും തമ്മില്‍ ഏറ്റമുട്ടുമ്പോള്‍ മത്സരം തീ പാറുമെന്നുറപ്പാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇരുവരും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നുറപ്പാണ്.
ഇപ്പോഴിതാ, ഐ.പി.എല്ലിന്റെ പ്ലേ ഓഫിലേക്ക് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാവും ആദ്യമെത്തുക എന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ്.
ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ കെ.എല്‍. രാഹുല്‍ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തോല്പിച്ചുകൊണ്ടായിരിക്കും പ്ലേ ഓഫില്‍ പ്രവേശിക്കുകയെന്നും അദ്ദഹേം പറയുന്നു.
സ്റ്റാര്‍ സ്പോര്‍ട്സിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
‘ലഖ്നൗവിനെതിരെ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ജയിക്കുകയും പ്ലേ ഓഫിലേക്ക് ക്വാളിഫൈ ചെയ്യുന്ന ആദ്യ ടീമാവുകയും ചെയ്യും.
ഹര്‍ദിക് പാണ്ഡ്യയുടെ ടീം സുശക്തമാണ്. റാഷിദ് ഖാന് മികച്ച ഫോമില്‍ തുടരുകയാണ്. ഇതിനെല്ലാമുപരി കോച്ച് ആശിഷ് നെഹ്റ വേണ്ട ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നുണ്ട്,’ ഭാജി പറയുന്നു.
ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്ന ടീമിന് 18 പോയിന്റാവും. നിലവില്‍ ഇരു ടീമുകളും 11 മത്സരത്തില്‍ നിന്നും 16 പോയിന്റോടെ തുല്യത പങ്കിടുകയാണ്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ലഖ്നൗ മുന്നിട്ട് നില്‍ക്കുന്നത്.