| Tuesday, 23rd April 2024, 5:41 pm

രോഹിത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ സഞ്ജു സാംസണ്‍; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് വേള്‍ഡ് കപ്പ് ഹീറോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന് ശേഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള 15 സ്‌ക്വാഡ് തയ്യാറാക്കുന്നത് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാക്കിയാണ് ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. ഓരോ മത്സരം കഴിയുമ്പോള്‍ ഇവര്‍ തങ്ങളുടെ പ്രതിഭ കൂടുതല്‍ വ്യക്തമാക്കുകയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനിയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍.

ഓരോ മത്സരം കഴിയുമ്പോഴും ബാറ്റര്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും സര്‍വോപരി ക്യാപ്റ്റന്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. കളിച്ച എട്ട് മത്സരത്തില്‍ ഏഴിലും രാജസ്ഥാനെ വിജയിപ്പിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരുത്തിയിരിക്കുകയാണ് സഞ്ജു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. നേരത്തെ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈയെ പരാജയപ്പെടുത്തിയ പിങ്ക് ആര്‍മി ഇപ്പോള്‍ സ്വന്തം തട്ടകത്തില്‍ അതേ ഡൊമിനേഷന്‍ ആവര്‍ത്തിച്ചിരിക്കുകയാണ്.

സന്ദീപ് ശര്‍മയുടെ ഫൈഫറും യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറിയുമാണ് ടീമിന് മികച്ച വിജയം സമ്മാനിച്ചത്.

മുംബൈക്കെതിരായ വിജയത്തില്‍ രാജസ്ഥാനെയും സഞ്ജുവിനെയും അഭിനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ലോകകപ്പ് ഹീറോയുമായ ഹര്‍ഭജന്‍ സിങ്. ഫോമിലേക്ക് മടങ്ങിയെത്തിയ യശസ്വി ജെയ്‌സ്വാളിനെയും അദ്ദേഹം അഭിനന്ദിക്കുന്നുണ്ട്.

‘ഫോം എന്നത് താത്കാലികമാണെന്നും ക്ലാസ് എന്നത് ശാശ്വതമാണെന്നും യശസ്വി ജെയ്‌സ്വാള്‍ ഒരിക്കല്‍ക്കൂടി കാണിച്ചുതന്നിരിക്കുകയാണ്. ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരായിരിക്കണം എന്നതിനെ സംബന്ധിച്ച് ഇനി ഒരു തര്‍ക്കവും ഉണ്ടാകേണ്ടതില്ല. സഞ്ജു സാംസണ്‍ ഉറപ്പായും ടി-20 ലോകകപ്പിനുള്ള ടീമില്‍ ഉണ്ടാകണം. ഇതിന് പുറമെ രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ അടുത്ത ടി-20 നായകനായും വളര്‍ത്തിയെടുക്കണം. എന്തെങ്കിലും സംശയമുണ്ടോ?’ ഹര്‍ഭജന്‍ കുറിച്ചു.

ഹര്‍ഭജന്റെ തീരുമാനത്തെ പിന്തുണച്ച് നിരവധി ക്രിക്കറ്റ് ആരാധകരും എത്തുന്നുണ്ട്. സഞ്ജു സാംസണ്‍ ഉറപ്പായും ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നും വെസ്റ്റ് ഇന്‍ഡീസിലെ പിച്ചുകളില്‍ സഞ്ജുവിന് മായാജാലം കാണിക്കാന്‍ സാധിക്കുമെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, അടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍. ഏപ്രില്‍ 27നാണ് രാജസ്ഥാന്‍ സീസണിലെ ഒമ്പതാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ലഖ്‌നൗവിന്റെ ഹോം സ്‌റ്റേഡിയായ എകാന സ്‌പോര്‍ട്‌സ് സിറ്റിയാണ് വേദി.

Content Highlight: Harbhajan Singh praises Sanju Samson

We use cookies to give you the best possible experience. Learn more