അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ തിരിച്ചുവരവ് റോയലാക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇന്ത്യ-ഓസ്‌ട്രേലിയ, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ട് മത്സരത്തിലും കളിയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടാണ് ജഡേജ ഇന്ത്യന്‍ ടീമിന്റെ ചാലക ശക്തിയാകുന്നത്.
ജഡേജയുടെ ഓള്‍ റൗണ്ട് പ്രകടനത്തെ കുറിച്ചും അവന്റെ മാച്ച് വിന്നിങ് എബിലിറ്റിയെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. ഇന്ത്യക്കായി ബാറ്ററുടെ റോളിലും ബൗളറായും തിളങ്ങാന്‍ താരത്തിന് സാധിക്കുന്നുണ്ടെന്നും ഭാജി പറഞ്ഞു.
നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ ജഡേജയാണെന്നും ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച സൂപ്പര്‍ താരം ബെന്‍ സ്‌റ്റോക്‌സിനെ മാത്രമേ ജഡേജക്കൊപ്പം താരതമ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹര്‍ഭജന്‍ ജഡേജയെ പ്രശംസകൊണ്ടുമൂടിയത്.
‘രവീന്ദ്ര ജഡേജയുടെ കഴിവുകളൊന്നും ആരാലും ചോദ്യം ചെയ്യപ്പെടാന്‍ സാധിക്കാത്തതാണ്. അവന്‍ എന്നത്തേയും പോലെ ബൗളിങ്ങില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുകയാണ്. എന്നാല്‍ ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ അവന്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.
ടീമിന് റണ്‍സ് അത്യാവശ്യമായി വരികയാണെങ്കില്‍ നിങ്ങള്‍ക്കവനെ നാലാം സ്ഥാനത്തോ അഞ്ചാം നമ്പറിലോ ഇറക്കാന്‍ സാധിക്കും. അവന്റെ പ്രകടനം അത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ട്.
ലോക ക്രിക്കറ്റിലേക്ക് വരുമ്പോള്‍ അവനാണ് നിലവിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍. ബെന്‍ സ്‌റ്റോക്‌സിനെ മാത്രമേ അവനൊപ്പം താരതമ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ,’ ഹര്‍ഭജന്‍ പറഞ്ഞു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ജഡേജക്ക് മുമ്പില് ഓസീസ് കാലിടറി വീഴുകയായിരുന്നു. 250+ റണ്‍സ് നേടുമെന്ന് പ്രതീക്ഷിച്ച ഓസീസിനെ വെറും 133 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഉസ്മാന്‍ ഖവാജയുടെയും മാര്‍നസ് ലബുഷാന്റെയുമടക്കം ഏഴ് വിക്കറ്റാണ് താരം വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 68 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ജഡേജ സ്വന്തമാക്കിയിരുന്നു.
ഇന്‍ഡോറില്‍ വെച്ച് നടക്കുന്ന മൂന്നാം ടെസ്റ്റിലും ജഡേജ തന്നെയാകും ഇന്ത്യയുടെ തുറുപ്പുചീട്ട്. അശ്വിനെ പേടിച്ച് തന്ത്രങ്ങള്‍ മെനഞ്ഞ ഓസീസിന് ഇപ്പോള്‍ ജഡേജയും തിരിച്ചടികള്‍ നല്‍കിക്കൊണ്ടേയിരിക്കുകയാണ്.
Content highlight: Harbhajan Singh praises Ravindera Jadeja