| Sunday, 18th June 2023, 4:42 pm

കരിയര്‍ അവസാനിപ്പിച്ചവന്‍ തിരിച്ചുവന്നപ്പോള്‍ പിറന്നത് ഹര്‍ഭജനെ പോലും ഞെട്ടിച്ച ഡെലിവെറി; സ്പിന്നിന്റെ വശ്യത വെളിവായ നിമിഷങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

എഡ്ജ്ബാസ്റ്റണില്‍ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ലീഡ് നേടാനുള്ള ശ്രമത്തിലാണ് ഓസീസ്. നിലവില്‍ 102 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 355 ന് ആറ് എന്ന നിലയിലാണ്. ലീഡിനായി 59 റണ്‍സ് കൂടിയാണ് കങ്കാരുക്കള്‍ക്ക് വേണ്ടത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിവസം തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. 393ന് എട്ട് എന് നിലയില്‍ നില്‍ക്കവെയായിരുന്നു ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ആദ്യ ദിവസം തന്നെ ഓസീസ് നാല് ഓവര്‍ കളിക്കുകയും ചെയ്തിരുന്നു.

ഉസ്മാന്‍ ഖവാജ, സറ്റുവര്‍ട്ട് ബ്രോഡ്, മോയിന്‍ അലി എന്നിവരായിരുന്നു രണ്ടാം ദിവസത്തെ ഷോ സ്റ്റീലര്‍മാര്‍. ഖവാജ സെഞ്ച്വറിയടിച്ച് ഓസീസ് ഇന്നിങിസില്‍ കരുത്തായപ്പോള്‍, ബ്രോഡും മോയിന്‍ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയാണ് തിളങ്ങിയത്.

അടുത്തടുത്ത പന്തില്‍ ഡേവിഡ് വാര്‍ണറിനെയും മാര്‍നസ് ലബുഷാനെയും ബ്രോഡ് മടക്കിയപ്പോള്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മാന്‍ ഓഫ് ദി മാച്ചായ ട്രാവിസ് ഹെഡും സൂപ്പര്‍ താരം കാമറൂണ്‍ ഗ്രീനുമായിരുന്നു മോയിന്‍ അലിയുടെ ഇരകള്‍.

ഹെഡിനെ സാക്ക് ക്രോളിയുടെ കൈകളിലെത്തിച്ച് മടക്കിയപ്പോള്‍ കാമറൂണ്‍ ഗ്രീനിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് താരം പുറത്താക്കിയത്. സ്വപ്‌നതുല്യമായ ഡെലിവെറിയായിരുന്നു ഗ്രീനിനെ പുറത്താക്കാന്‍ മോയിന്‍ ആയുധമാക്കിയത്.

സ്പിന്‍ ബൗളിങ്ങിന്റെ സകല ഭംഗിയും ആവാഹിച്ചാണ് മോയിന്‍ അലി ആ പന്തെറിഞ്ഞത്. ലെഗ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് ഗ്രീനിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് ടേണ്‍ ചെയ്യുകയും വിക്കറ്റ് വീഴ്ത്തുകയുമായിരുന്നു.

മോയിന്റെ ഈ ഡെലിവെറിയെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് ടര്‍ബനേറ്റര്‍ ഹര്‍ഭജന്‍ സിങ്. ‘വാട്ട് എ ബ്യൂട്ടി മോയിന്‍’ എന്നെഴുതി ഈ വിക്കറ്റിന്റെ വീഡിയോക്കൊപ്പമാണ് ഹര്‍ഭജന്‍ താരത്തെ അഭിനന്ദിച്ചത്.

മോയിന്‍ അലിയുടെ പ്രകടനത്തിന് കയ്യടി ലഭിക്കുമ്പോള്‍ അതിന് സാക്ഷിയായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ഒപ്പമുണ്ടായിരുന്നു. 2021ല്‍ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അലിയെ തിരികെ ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ ആതര്‍ടണ്‍ അടക്കമുള്ളവര്‍ ഈ നീക്കത്തെ ചോദ്യം ചെയ്തിരുന്നു. സെപ്റ്റംബര്‍ 2021ന് ശേഷം ഒറ്റ ടെസ്റ്റ് പോലും കളിക്കാത്ത ഒരു താരത്തെ ആഷസ് പോലെ ഒരു പരമ്പരയില്‍ ഉള്‍പ്പെടുത്തിയതാണ് ഇവര്‍ ചോദിച്ചത്.

എന്നാല്‍ ബെന്‍ സ്റ്റോക്സും ബ്രണ്ടന്‍ മക്കെല്ലവും മോയിന്‍ അലിയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. തകര്‍പ്പന്‍ ബ്രേക് ത്രൂകളിലൂടെ അലി ആ വിശ്വാസം കാക്കുകയും ചെയ്തു.

Content highlight: Harbhajan Singh praises Moeen Ali

We use cookies to give you the best possible experience. Learn more