ധോണിയെക്കാള്‍ മികച്ച ക്യാപ്റ്റനായി ഞാന്‍ രോഹിത് ശര്‍മയെ തെരഞ്ഞെടുക്കും, കാരണം അത് മാത്രം; വെളിപ്പെടുത്തി ഹര്‍ഭജന്‍
Sports News
ധോണിയെക്കാള്‍ മികച്ച ക്യാപ്റ്റനായി ഞാന്‍ രോഹിത് ശര്‍മയെ തെരഞ്ഞെടുക്കും, കാരണം അത് മാത്രം; വെളിപ്പെടുത്തി ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd October 2024, 12:04 pm

ന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ പ്രധാനിയാണ് എം.എസ്. ധോണിയും രോഹിത് ശര്‍മയും. ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലെ എല്ലാ കിരീടവും ചൂടിച്ചാണ് ധോണി ചരിത്രത്തിലിടം നേടിയത്. ടി-20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ മൂന്ന് ഐ.സി.സി വൈറ്റ് ബോള്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ ഏക ക്യാപ്റ്റനെന്ന റെക്കോഡും നിലവില്‍ ധോണിക്ക് മാത്രം അവകാശപ്പെട്ടതാണ്.

അതേസമയം, രോഹിത് ശര്‍മയാകട്ടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി-20 ക്യാപ്റ്റനായാണ് ചരിത്രമെഴുതിയത്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവും മികച്ച വിജയശതമാനമുള്ള ക്യാപ്റ്റന്‍, 50 അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ആദ്യ ക്യാപ്റ്റന്‍, ഏക ക്യാപ്റ്റന്‍ തുടങ്ങിയ റെക്കോഡുകളുമായാണ് രോഹിത് രണ്ടാം തവണ ടി-20 കിരീടം ഇന്ത്യയിലെത്തിച്ചത്.

 

ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട ക്യാപ്റ്റനെ തെരഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റനായി താന്‍ രോഹിത് ശര്‍മയെയാണ് തെരഞ്ഞെടുക്കുന്നത് എന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. രോഹിത് ആരാധകരുടെ കൂടി ക്യാപ്റ്റനാണെന്ന് പറഞ്ഞ ടര്‍ബനേറ്റര്‍ ധോണി അങ്ങനെയല്ല എന്നും അഭിപ്രായപ്പെട്ടു.

സ്‌പോര്‍ട്‌സ് യാരിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്.

ഹര്‍ഭജന്റെ വാക്കുകള്‍

‘ഞാന്‍ ധോണിക്ക് മുകളിലായി രോഹിത്തിനെ തന്നെ തെരഞ്ഞെടുക്കും. കാരണം രോഹിത് ജനങ്ങളുടെയും ക്യാപ്റ്റനാണ്. ആളുകള്‍ക്കെന്താണ് ആവശ്യമെന്ന് രോഹിത് അവരോട് തന്നെ ചോദിക്കും. സഹതാരങ്ങളുമായും അവന് വളരെ മികച്ച ബന്ധമാണുള്ളത്. എന്നാല്‍ ധോണിയുടെ ശൈലി വ്യത്യസ്തമാണ്.

അദ്ദേഹം ആരോടും സംസാരിക്കാറില്ല. നിശബ്ദതയിലൂടെയാണ് അദ്ദേഹം തന്റെ ആശയങ്ങള്‍ പങ്കുവെക്കുന്നത്. അങ്ങനെയാണ് അദ്ദേഹം മറ്റുള്ളവരുമായി ആശയവിനിമയം നടത്താറുള്ളത്,’ ഹര്‍ഭജന്‍ പറഞ്ഞു.

 

കഴിഞ്ഞ മാസം തരുവര്‍ കോഹ്‌ലിയുടെ പോഡ്കാസ്റ്റിലും ഹര്‍ഭജന്‍ ഇതേ കാര്യം സംസാരിച്ചിരുന്നു.

‘എം.എസ്. ധോണിയും രോഹിത് ശര്‍മയും തീര്‍ത്തും വ്യത്യസ്തരായ രണ്ട് ക്യാപ്റ്റന്‍മാരാണ്. എം.എസ്. ധോണി ഒരിക്കലും ഒരു കളിക്കാരന്റെ അടുത്ത് ചെന്ന് ഏത് തരത്തിലുള്ള ഫീല്‍ഡിങ്ങാണ് ആവശ്യമെന്ന് ചോദിക്കില്ല. നിങ്ങളുടെ തെറ്റില്‍ നിന്നും പഠിക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നത്.

എന്നാല്‍ രോഹിത് ഒരിക്കലും അങ്ങനെയല്ല. അവന്‍ ഓരോരുത്തരോടും പോയി ചോദിക്കും. ഒപ്പമുള്ളവന്റെ തോളില്‍ കൈവെച്ച് ഇതാണ് ഞാന്‍ നിന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് പറയുന്ന തരത്തിലുള്ള ക്യാപ്റ്റനാണ് രോഹിത്. നിങ്ങള്‍ക്കത് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ആത്മവിശ്വാസം അദ്ദേഹം നിങ്ങള്‍ക്ക് തരും,’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

 

Content highlight: Harbhajan Singh picks Rohit Sharma over MS Dhoni as India’s best captain