അവന്‍ ശരിയായ മാച്ച് വിന്നര്‍, ടീമിലില്ലാത്തത് ഞെട്ടിച്ചു! ലോകകപ്പ് സ്‌ക്വാഡില്‍ ഹര്‍ഭജന്‍
icc world cup
അവന്‍ ശരിയായ മാച്ച് വിന്നര്‍, ടീമിലില്ലാത്തത് ഞെട്ടിച്ചു! ലോകകപ്പ് സ്‌ക്വാഡില്‍ ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th September 2023, 5:54 pm

ഐ.സി.സി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ചൊവ്വാഴ്ച ഉച്ചയോടെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയെ ക്യാപ്റ്റനായും ഹര്‍ദിക് പാണ്ഡ്യെ അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായും ചുമതലപ്പെടുത്തിയാണ് അപെക്‌സ് ബോര്‍ഡ് 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

ടീമില്‍ ഉള്‍പ്പെടുമെന്ന് കരുതിയ പല താരങ്ങള്‍ക്കും സ്‌ക്വാഡില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സഞ്ജു സാംസണ്‍ അടക്കമുള്ളവരെ പുറത്തിരുത്തിയാണ് ഇന്ത്യ ബിഗ് ഇവന്റിനൊരുങ്ങുന്നത്.

ലോകകപ്പ് സ്‌ക്വാഡിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും 2011 ലോകകപ്പ് ടീമിലെ അംഗവുമായ ഹര്‍ഭജന്‍ സിങ്. സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍ ടീമില്‍ ഇല്ലാത്തത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹര്‍ഭജന്‍ രംഗത്തെത്തിയത്.

ചഹല്‍ സ്‌ക്വാഡിന്റെ ഭാഗമല്ലാത്തത് തന്നെ അമ്പരപ്പിച്ചുവെന്നും അദ്ദേഹം പ്യവര്‍ മാച്ച് വിന്നറാണെന്നും ടര്‍ബനേറ്റര്‍ എക്‌സില്‍ കുറിച്ചു.

2021 മുതലിങ്ങോട്ട് ഇന്ത്യയുടെ ബിഘ് ഇവന്റുകളിലൊന്നും ചഹലിന് പന്തെറിയാന്‍ സാധിച്ചിരുന്നില്ല. 2021 ടി-20 ലോകകപ്പിലും 2022 ടി-20 ലോകകപ്പിലും അവസരം ലഭിക്കാതിരുന്ന ചഹലിന് ഇത്തവണത്തെ ഏഷ്യാ കപ്പ് സ്‌ക്വാഡിലും ഇടം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലൊണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് സ്‌ക്വാഡിലും താരത്തിന് ഇടം ലഭിക്കാതെ പോയത്.

ഏഷ്യാ കപ്പ് സ്‌ക്വാഡിലെ രണ്ട് താരങ്ങളെ മാത്രം ഒഴിവാക്കിയായിരുന്നു ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ട്രാവലിങ് സ്റ്റാന്‍ഡ് ബൈ ആയ സഞ്ജുവിന് പുറമെ പ്രസിദ്ധ് കൃഷ്ണയും തിലക് വര്‍മയുമാണ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും പുറത്തായത്.

ഒക്ടോബര്‍ എട്ടിനാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍.

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

 

Content highlight: Harbhajan Singh on Yuzvendra Chahal’s exclusion in World Cup Squad