ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുലിന്റെ മോശം പ്രകടനം നിരത്തി വിമര്‍ശിച്ച പ്രസാദിന്റെയും ചോപ്രയുടെയും ട്വീറ്റുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നിങ്ങളായിരുന്നു രാഹുലിന്റെ സ്ഥാനത്തെങ്കില്‍ എന്ത് ചെയ്യുമായിരുന്നെന്നും അവന്‍ റണ്‍സ് നേടാന്‍ ശ്രമിക്കുന്നില്ലെന്നാണോ നിങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹര്‍ഭജന്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
‘ഒരു താരത്തിന് നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ അത് ബാധിക്കുന്നത് അവനെയും അവന്റെ വീട്ടുകാരെയും ആയിരിക്കും.
നിങ്ങള്‍ക്കൊരു ക്രിക്കറ്റ് താരത്തെ ഇഷടമല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒപീനിയന്‍ പറയാന്‍ അവസരമുണ്ട്. പക്ഷെ അത് അതിരുകടക്കുന്നതാകരുത്. അത് അവരുടെ മെന്റാലിറ്റിയെ നെഗറ്റീവായി ബാധിക്കും.
നിങ്ങളായിരുന്നു രാഹുലിന്റെ സ്ഥാനത്തെങ്കില്‍ എന്ത് ചെയ്യുമായിരുന്നു. നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ അവന്‍ മനപൂര്‍വം റണ്‍സ് എടുക്കാത്തതാണെന്ന്. അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിനായി മികച്ച പ്രകടനം കാഴ്ചവെച്ച് താരം തന്നെയാണ്. ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്യും.
നമ്മളെല്ലാവരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നവരാണ്. അങ്ങനെ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല, പക്ഷെ ആരുടെയും പുറകെ നടന്ന് ദ്രോഹിക്കുന്നതാകരുത്. അവനും മനുഷ്യനാണ്, നന്നായി ചെയ്യാന്‍ ശ്രമിക്കുന്നുമുണ്ട്. മുമ്പ് കളിച്ചിട്ടുള്ള അനുഭവം ഉള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് അപേക്ഷിക്കുകയാണ്,’ ഹര്‍ഭജന്‍ പറഞ്ഞു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ് ഇന്നിങ്‌സിനും 132 റണ്‍സിനും വിജയിച്ച ഇന്ത്യന്‍ ടീം. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സെടുത്ത് പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ടീം 262 റണ്‍സിന് പുറത്തായിരുന്നു. ശേഷം രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ 113 റണ്‍സിന് ഒതുക്കാന്‍ കഴിഞ്ഞതോടെയാണ് ഇന്ത്യന്‍ ടീമിന്റെ വിജയം അനായാസമായത്.
115 റണ്‍സിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യന്‍ ടീം ആറ് വിക്കറ്റുകള്‍ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
31 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ, 31 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വര്‍ പുജാര എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ ടീം വിജയ ലക്ഷ്യം മറികടന്നത്.
മോശം പ്രകടനം പരിഗണിച്ച് അടുത്തിടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും രാഹുലിനെ പുറത്താക്കിയിരുന്നു. വൈറ്റ് ബോള്‍ ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും അദ്ദേഹം നേരത്തേ ഒഴിവാക്കപ്പെട്ടിരുന്നു.