| Wednesday, 18th December 2024, 10:30 pm

ജഡേജയല്ല, ഈ താരത്തിന് ഇന്ത്യ കൂടുതല്‍ പരിഗണന നല്‍കുന്നു എന്ന് കേട്ടു; അശ്വിന്റെ വിരമിക്കലില്‍ പ്രതികരിച്ച് ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയായിരുന്നു അശ്വിന്‍ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചത്.

അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തോട് പ്രതികരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ താരം ഹര്‍ഭജന്‍ സിങ്. അശ്വിന്റെ റിട്ടയര്‍മെന്റ് ഏറെ അമ്പരപ്പിച്ചെന്നും എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

സ്‌പോര്‍ട്‌സ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഭജന്‍ ഇക്കാര്യം സംസാരിച്ചത്.

‘ഞാന്‍ ഏറെ അത്ഭുതപ്പെട്ടുപോയി. ഈ പരമ്പരയുടെ ഇടയില്‍ ഇത്തരമൊരു തീരുമാനം അദ്ദേഹം കൈക്കൊണ്ടതില്‍ കുറച്ച് ഞെട്ടലുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏതൊരു തീരുമാനത്തെയും നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്. കാരണം ഏറെ ചിന്തിച്ച ശേഷമായിരിക്കും അദ്ദേഹം ഈ തീരുമാനം കൈക്കൊണ്ടിട്ടുണ്ടാവുക.

അദ്ദേഹം ഒരുപാട് ചിന്തിക്കുന്ന ക്രിക്കറ്ററാണ്, വളരെ മികച്ച താരമാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കെല്ലാം ബിഗ് സല്യൂട്ട്. അദ്ദേഹം എല്ലായ്‌പ്പോഴും മികച്ച താരമായിരുന്നു. ഇന്ത്യയ്ക്കായി നിരവധി മത്സരങ്ങളും പരമ്പരകളും വിജയിച്ചു. ക്രിക്കറ്റ് ലോകത്തുള്ളതിനേക്കാള്‍ ഭാവി മികച്ചതാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു,’ ഭാജി പറഞ്ഞു.

വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനങ്ങളിലടക്കം വാഷിങ്ടണ്‍ സുന്ദറിനായിരിക്കും ഇന്ത്യ കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഇന്ത്യയുടെ വിദേശ പര്യടനങ്ങളില്‍ കുറച്ചുകാലമായി അശ്വിന്‍ സ്ഥിരസാന്നിധ്യമല്ലെന്നും, സ്ഥിരമായി ടീമില്‍ ഇടം ലഭിക്കാത്തത് ഒരുപക്ഷേ അദ്ദേഹത്തിന്റെ ഈ തീരുമാനത്തിന് കാരണമായേക്കാമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യക്ക് പുറത്ത് നിങ്ങള്‍ സ്ഥിരസാന്നിധ്യമല്ലാതാകുമ്പോള്‍, ഒന്നോ രണ്ടോ മത്സരങ്ങള്‍ മാത്രം കളിക്കുമ്പോള്‍ ഇന്ത്യക്ക് പുറത്തും ടീമില്‍ സ്ഥിരമായി ഇടം നേടാന്‍ താനെന്ത് ചെയ്യണമെന്ന് ഒരുപക്ഷേ അദ്ദേഹത്തിന് തോന്നിയേക്കാം.

വാഷിങ്ടണ്‍ സുന്ദറിന് കൂടുതല്‍ പരിഗണന നല്‍കാനൊരുങ്ങുകയാണെന്ന് ഞാന്‍ അവിടുന്നും ഇവിടുന്നുമായി കേട്ടു. ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് അഞ്ച് മത്സരങ്ങള്‍ കളിക്കാനുണ്ട്. രണ്ട് സ്പിന്നര്‍മാര്‍ മാത്രമായിരിക്കും ടീമിലുണ്ടാവുക.

എന്നാല്‍ ആരൊക്കെയായിരിക്കും ആ രണ്ട് സ്പിന്നര്‍മാര്‍? ജഡേജയും അശ്വിനുമാണോ അതോ ജഡേജയും വാഷിങ്ടണ്‍ സുന്ദറുമോ. ഒരുപക്ഷേ പല കാര്യങ്ങളും അദ്ദേഹത്തിന്റെ മനസിലുണ്ടായിരിക്കാം. നമുക്കറിയില്ല. ആ തീരുമാനം ഒട്ടും എളുപ്പമുള്ളതായിരുന്നില്ല എന്നത് മാത്രമേ എനിക്ക് പറയാന്‍ സാധിക്കൂ,’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: Harbhajan Singh on R Ashwin’s retirement

We use cookies to give you the best possible experience. Learn more