ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിലധികമായി അവസരം ലഭിക്കാതിരുന്ന അജിന്‍ക്യ രഹാനെ ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല.
സൂര്യയെ ടീമില്‍ നിന്നൊഴിവാക്കിയ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. അജിന്‍ക്യ രഹാനെയെ ടീമിലേക്ക് തിരിച്ച് വിളിച്ചത് മികച്ച തീരുമാനമായിരുന്നെന്നും എന്നാല്‍ സൂര്യകുമാറിനെ ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് ഹര്‍ഭജന്‍ പറഞ്ഞത്.
‘ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിലേക്ക് രഹാനെയെ തിരികെ വിളിച്ചതിനോട് എനിക്ക് നൂറ് ശതമാനവും യോജിപ്പാണ്. അദ്ദേഹം ഒരു മികച്ച കളിക്കാരനും ക്യാപ്റ്റനുമാണ്. ഇംഗ്ലണ്ടില്‍ നമുക്ക് രഹാനെയെപ്പോലെ പരിചയസമ്പന്നരായ കളിക്കാരെ ആവശ്യമാണ്. എന്നാല്‍ സൂര്യകുമാറിന് ടീമില്‍ ഇടം കിട്ടിയില്ലെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. ഗില്‍ക്രിസ്റ്റിനെയും റിഷബ് പന്തിനെയും പോലെ മത്സരം വിജയിപ്പിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ് സൂര്യ. ഇന്ത്യന്‍ ടീം സന്തുലിതമാണ്. എങ്കിലും സൂര്യ കൂടി ടീമില്‍ ഉണ്ടാകണമായിരുന്നു,’ ഹര്‍ഭജന്‍ പറഞ്ഞു.
കുറേ നാളായി ഫോമിലല്ലാതിരുന്ന രഹാനെ നിലവില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇന്ത്യക്കായി രഹാനെ അവസാനമായി കളിച്ചത്. ലണ്ടനിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. കഴിഞ്ഞ തവണയും ഇന്ത്യ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെടാനായിരുന്നു ടീം ഇന്ത്യയുടെ വിധി.