ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്.
ഏഷ്യാ കപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡിൽ സഞ്ജുവിന് ഇടം നേടാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹർഭജൻ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയത്.
കെ.എൽ രാഹുലും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ ബാറ്ററായി നേരത്തേ ടീമിനൊപ്പമുള്ളതുകൊണ്ടാണ് സഞ്ജുവിന് അവസരം ഇല്ലാത്തതെന്നാണ് മുൻ ഇന്ത്യൻ സ്പിന്നർ പറഞ്ഞത്.
‘സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത് കൂടുതൽ ചർച്ചകൾക്ക് കാരണമായി. ഏകദിനത്തിൽ 55 ശരാശരി ഉള്ള സഞ്ജു ടീമിനൊപ്പം ഇല്ലാത്തത് വിചിത്രമായ കാര്യമാണ്. എന്നാൽ കെ.എൽ രാഹുലും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ ബാറ്റർമാരായി നേരത്തെ ടീമിൽ ഉള്ളതുകൊണ്ടാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തെന്ന് ഞാൻ കരുതുന്നു,’ ഹർഭജൻ തന്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞു.
‘സഞ്ജു തന്റെ അവസരത്തിനായി കാത്തിരിക്കണം. ഹാർഡ് വർക്ക് ചെയ്യുന്നത് തുടരുകയും നല്ല സമയത്തിനായി കാത്തിരിക്കുകയും ചെയ്യണം. സഞ്ജു ഒരു മികച്ച താരമാണ് എന്നാൽ ഒരു ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർ ബാറ്റർമാർ ഉണ്ടാവില്ല എന്നതാണ് ഇപ്പോഴുള്ള അവസ്ഥ’, ഹർഭജൻ കൂട്ടിചേർത്തു.
ഏഷ്യാ കപ്പ് സ്‌ക്വാഡിൽ ട്രാവലിങ് മെമ്പർ ആയി സഞ്ജു സാംസൺ ഉണ്ടായിരുന്നു. എന്നാൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഏഷ്യാ കപ്പിന് ശേഷം ഉള്ള ഓസ്ട്രേലിയൻ പരമ്പരയിലും താരത്തിന് അവസരം ലഭിക്കാതെ പോയതാണ് കൂടുതൽ ചർച്ചക്ക് വഴിയൊരുക്കിയത്.
സെപ്റ്റംബർ 22, 24, 27 ദിവസങ്ങളിലാണ് ഇന്ത്യ ഓസ്ട്രേലിയ മത്സരങ്ങൾ നടക്കുക.
Content Highlight: Harbhajan Singh has clarified the reason why Sanju was not given a chance in the team.