|

സ്പിന്നര്‍മാര്‍ പന്തെറിയുന്നത് ഫാസ്റ്റ് ബൗളര്‍മാരെ പോലെ, അവര്‍ ധൈര്യശാലികളാവണം; രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ പൂരം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായുള്ള മത്സരമാണ് ക്രിക്കറ്റ് മാമാങ്കത്തിന്റെ പുതിയ പതിപ്പിന് തുടക്കം കുറിക്കുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.

ഇപ്പോള്‍, ടൂര്‍ണമെന്റിന് മുന്നോടിയായി ഐ.പി.എല്ലിലെ സ്പിന്നര്‍മാരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഐ.പി.എല്ലിലും ടി20യിലും സ്പിന്നര്‍മാര്‍ ഫാസ്റ്റ് ബൗളര്‍മാരെ പോലെയാണ് പന്തെറിയുന്നതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. സ്പിന്നേഴ്‌സ് കുറച്ച് കൂടി ധൈര്യശാലികളാവണമെന്നും അവസരങ്ങള്‍ മുതലാക്കണമെന്നും മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഇത് പറയുന്നതില്‍ ഖേദമുണ്ട്. ഐ.പി.എല്ലിലും ടി20യിലും സ്പിന്നര്‍മാര്‍ ഫാസ്റ്റ് ബൗളര്‍മാരെ പോലെയാണ് പന്തെറിയുന്നത്. അവര്‍ ബോള്‍ സ്പിന്‍ ചെയ്യുന്നില്ല. അവര്‍ അക്രമിക്കുകയോ വിക്കറ്റെടുക്കാനോ ശ്രമിക്കുന്നില്ല. സ്പിന്നര്‍മാര്‍ കുറച്ച് കൂടെ ധൈര്യശാലികളാവണം. അവസരങ്ങള്‍ മുതലാക്കുകയും പന്തിനെ കൂടുതല്‍ സ്പിന്‍ ചെയ്യാനും ശ്രമിക്കണം,’ ഹര്‍ഭജന്‍ പറഞ്ഞു.

പന്തില്‍ ഉമിനീര്‍ പുരട്ടുന്നതിനുള്ള വിലക്ക് എടുത്തുമാറ്റിയ ബി.സി.സി.ഐ തീരുമാനത്തെ ഹര്‍ഭജന്‍ സ്വാഗതം ചെയ്തു. ഉമിനീര്‍ ഉപയോഗിക്കാന്‍ പറ്റുന്നത് നല്ല കാര്യമാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ പെട്ടെന്ന് ഇത് കാണാനാവുമെന്നും മുന്‍ താരം പറഞ്ഞു. ഇത് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് സ്വിങ്ങും സ്പിന്നര്‍മാര്‍ക്ക് ഡ്രിഫ്റ്റും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബൗളര്‍മാര്‍ക്ക് വീണ്ടും ഉമിനീര്‍ ഉപയോഗിക്കാന്‍ കഴിയുന്നത് നല്ലതാണ്. ഉമിനീര്‍ ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്താന്‍ എളുപ്പമായതിനാല്‍ ഉടന്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത് കാണാന്‍ കഴിയും. ഇത് പേസര്‍മാര്‍ക്ക് സ്വിങ്ങും സ്പിന്നര്‍മാര്‍ക്ക് ഡ്രിഫ്റ്റും നല്‍കുന്നു,’ മുന്‍ സ്പിന്നര്‍ പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്ത് ആകെ രണ്ട് സ്പിന്നര്‍മാരായിരുന്നു ഉണ്ടായിരുന്നത്. 21 വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയും 18 വിക്കറ്റുമായി യൂസ്വേന്ദ്ര ചഹലുമാണ് ആദ്യ പത്തിലെത്തിയത്.

Content Highlight: Harbhajan Singh Criticizes That Spin Bowlers Bowling Like Fast Bowlers And Says They Should Be Brave

Video Stories