ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റിന്റെ അവിശ്വസനീയ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 223 എന്ന സ്‌കോറാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ സഞ്ജുവിന്റെ പട ഐതിഹാസികമായി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങില്‍ വിജയസാധ്യത മങ്ങിയപ്പോള്‍ സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍ ഐതിഹാസികമായ പ്രകടനത്തിലൂടെയാണ് രാജസ്ഥാനെ വിജയത്തില്‍ എത്തിച്ചത്. 60 പന്തില്‍ 6 സിക്സും 9 ഫോറും ഉള്‍പ്പെടെ 106* റണ്‍സാണ് ബട്ലര്‍ അടിച്ചുകൂട്ടിയത്. ഇത് രണ്ടാമത്തെ തവണയാണ് പുതിയ സീസണില്‍ രാജസ്ഥാന് വേണ്ടി ബട്‌ലര്‍ സെഞ്ച്വറി നേടുന്നത്. ബട്‌ലറിന്റെ ഐതിഹാസികമായ പ്രകടനത്തിന് പുറകെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് താരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
ലോകത്തിലെ വലിയ ലീഗില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് മതിയായ ക്രെഡിറ്റ് നല്‍കാത്തതിന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് ക്രിക്കറ്റ് വിദഗ്ധരെ വിമര്‍ശിച്ചു.
‘നിങ്ങള്‍ എം.എസ്. ധോണിയുടെ സിക്സുകളെക്കുറിച്ചും വിരാട് കോഹ്‌ലിയുടെ സെഞ്ച്വറികളെക്കുറിച്ചും മാസങ്ങളോളം സംസാരിക്കും, പക്ഷേ ജോസ് ബട്‌ലറിന് ക്രെഡിറ്റ് നല്‍കുന്നില്ല. അദ്ദേഹം എല്ലാ ക്രെഡിറ്റിനും അര്‍ഹനാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സെഞ്ച്വറികളില്‍ ഒന്നായിരുന്നു അത്, ഹര്‍ഭജന്‍ സിങ് പറഞ്ഞു.
ബട്‌ലറിന് പുറമെ ജെയ്‌സ്വാള്‍ പതിവുപോലെ 19 റണ്‍സിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 12 റണ്‍സില്‍ കൂടാരം കയറി ആരാധകരെ നിരാശരാക്കി. മത്സരം മുന്നോട്ടു കൊണ്ടുപോയത് ബട്‌ലറും 34 റണ്‍സ് നേടിയ റിയാന്‍ പരാഗുമാണ്. രണ്ടു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 14 പന്തില്‍ നിന്നാണ് താരം മികച്ച പ്രകടനം പുറത്തെടുത്തത്.
36 പന്തില്‍ 96 റണ്‍സ് വിജയലക്ഷ്യം ആയിരുന്ന ഘട്ടത്തില്‍ റോമാന്‍ പവലും ജോസ് ബട്ടറും ആഞ്ഞടിക്കുകയായിരുന്നു. പവല്‍ 13 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും അടക്കം 26 റണ്‍സ് നേടി പുറത്തായപ്പോള്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ചത് ബട്‌ലറായിരുന്നു.
നിലവില്‍ ആറ് വിജയങ്ങള്‍ രേഖപ്പെടുത്തി പോയിന്റ് പട്ടികയില്‍ 10 പോയിന്റുമായി മുന്നിലാണ് സഞ്ജുവും കൂട്ടരും.
Content Highlight: Harbhajan Singh criticized cricket experts