12 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഹോം ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കും; വിമര്‍ശനവുമായി ഹര്‍ഭജന്‍
Sports News
12 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഹോം ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കും; വിമര്‍ശനവുമായി ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th October 2024, 8:06 am

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ അമ്പരപ്പിക്കുന്ന തോല്‍വിയായിരുന്നു ഏറ്റുവാങ്ങിയത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു ഹോം ടെസ്റ്റില്‍ പരാജയപ്പെടുന്നത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 113 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 245 റണ്‍സിന് പുറത്തായി.

ആദ്യ ഇന്നിങ്‌സില്‍ കിവീസ് ഉയര്‍ത്തിയത് 259 റണ്‍സായിരുന്നു. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ സ്പിന്‍ തന്ത്രം കൊണ്ട് തന്നെ കിവികള്‍ നേരിട്ടപ്പോള്‍ 156 റണ്‍സില്‍ മെന്‍ ഇന്‍ ബ്ലൂ തകര്‍ന്നു. ശേഷം രണ്ടാം ഇന്നിങ്‌സില്‍ കിവീസ് 255 റണ്‍സിന്റെ ക്ലാസിക് സ്‌കോറിലേക്ക് എത്തിയപ്പോഴും 359 റണ്‍സിന്റെ ടാര്‍ഗറ്റിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 245 റണ്‍സ് നേടി സ്വന്തം മണ്ണില്‍ തോല്‍വി വഴങ്ങാനാണ് സാധിച്ചത്.

സ്പിന്‍ തന്ത്രങ്ങള്‍ക്ക് അനുയോജ്യമായ പിച്ച് ഉപയോഗിച്ചതാണ് ഇന്ത്യയ്ക്ക് വിനയായത്. ന്യൂസിലാന്‍ഡ് അതേ തന്ത്രം ഉപയോഗിച്ച് ഇന്ത്യയെ വീഴ്ത്തുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

ഹര്‍ഭജന്‍ പറഞ്ഞത്

‘പുനെയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുയോജ്യമായതാണ്. 12 വര്‍ഷത്തിന് ശേഷം ഒരു പരമ്പര തോറ്റാല്‍ ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കും. ഞങ്ങളും വര്‍ഷങ്ങളായി റാങ്ക് ടേണറില്‍ കളിക്കുന്നു. ടോസ് ഞങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഞങ്ങള്‍ കരുതുന്നു, തുടര്‍ന്ന് ഞങ്ങള്‍ 300 റണ്‍സ് ഉയര്‍ത്തി കളി നിയന്ത്രിക്കും. ഈ പിച്ചുകളില്‍ റണ്‍സെടുക്കാന്‍ ഞങ്ങള്‍ക്ക് ബാറ്റര്‍മാരില്ല, അവര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അജിങ്ക്യ രഹാനെ മികച്ച കളിക്കാരനാണ്, എന്നാല്‍ ഇത്തരത്തിലുള്ള ട്രാക്കുകള്‍ കാരണം അദ്ദേഹത്തിന്റെ കരിയര്‍ ഹിറ്റായി,’ ഹര്‍ഭജന്‍ പി.ടി.ഐയോട് പറഞ്ഞു.

വാഷിങ്ടണ്‍ സുന്ദറിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് ബൗളിങ്ങില്‍ ഗുണം ചെയ്തത്. 11 വിക്കറ്റുകളാണ് മത്സരത്തില്‍ താരം സ്വന്തമാക്കിയത്. എന്നാല്‍ ബാറ്റിങ്ങില്‍ കിവീസിന്റെ സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഇന്ത്യ അമ്പേ പരാജയപ്പെടുകയായിരുന്നു. 13 വിക്കറ്റുകളാണ് അവസാന ടെസ്റ്റില്‍ മിച്ചല്‍ സാന്റ്‌നര്‍ നേടിയത്.

 

Content Highlight: Harbhajan Singh Criticize Indian Team For Big Lose Against New Zealand In Home Test