ലോകകപ്പിലെ ആദ്യ തോല്‍വി വഴങ്ങിയിരിക്കുകയാണ് പാകിസ്ഥാന്‍. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടും രണ്ടാം മത്സരത്തില്‍ ശ്രീലങ്കയും വിജയിച്ച പാകിസ്ഥാന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 191 റണ്‍സിന് ഓള്‍ ഔട്ടായി. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിക്കാതെ പോയതാണ് പാകിസ്ഥാന് വിനയായത്.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബാബര്‍ അസവും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പാണ് പാകിസ്ഥാനെ വമ്പന്‍ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.
എന്നാല്‍ തോല്‍വിക്ക് പിന്നാലെ പാക് നായകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ബാബര്‍ തനിക്ക് വേണ്ടി മാത്രമാണ് കളിക്കുന്നതെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. മത്സരത്തിന്റെ കമന്ററിക്കിടെയായിരുന്നു ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്.
‘ചിലപ്പോള്‍ അവന്‍ തനിക്ക് വേണ്ടി മാത്രമാണ് ബാറ്റു ചെയ്യുന്നതെന്ന് തോന്നുന്നു’ എന്നായിരുന്നു ടര്‍ബനേറ്റര്‍ പറഞ്ഞത്. എന്നാല്‍ റിസ്വാന്‍ ടീമിന് വേണ്ടിയാണ് കളിക്കുന്നത് എന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുന്‍ പാക് സൂപ്പര്‍ താരം വസീം അക്രവും ബാബറിനെതിരെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
ലോകകപ്പിന്റെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ബാബര്‍ ഇന്ത്യക്കെതിരെയാണ് മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. നെതര്‍ലന്‍ഡ്‌സിനെതിരെ അഞ്ച് റണ്‍സ് മാത്രം നേടി പുറത്തായ ബാബര്‍ ശ്രീലങ്കക്കെതിരെ 10 റണ്‍സും നേടി പുറത്തായി.
എന്നാല്‍ ഇന്ത്യക്കെതിരെ 58 പന്തില്‍ നിന്നും 50 റണ്‍സ് നേടിയാണ് ബാബര്‍ പുറത്തായത്. ഏഴ് ബൗണ്ടറികളായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
റിസ്വാനൊപ്പം പാക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ബാബര്‍ പുറത്തായത്.
ഇന്ത്യക്കെതിരെ 50 ഓവര്‍ ലോകകപ്പില്‍ ജയിച്ചിട്ടില്ല എന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ ഇറങ്ങിയ ബാബറിനും സംഘത്തിനും ചരിത്രം തിരുത്താന്‍ സാധിച്ചില്ല. ലോകകപ്പില്‍ ഇത് എട്ടാം തവണയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് മുമ്പില്‍ പരാജയപ്പെടുന്നത്.
അതേസമയം, ഒക്ടോബര്‍ 20നാണ് പാകിസ്ഥാന്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.
Content highlight: Harbhajan Singh criticize Babar Azam