|

ഒരു അവസരവും കൊടുത്തില്ല, സ്‌കില്ലാണ് പരിഗണിക്കുന്നതെങ്കില്‍ അവന്‍ ടീമിലുണ്ടാകണം; സഞ്ജുവല്ലാത്ത സൂപ്പര്‍ താരത്തിനായി വാദിച്ച് ഭാജി

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ലോകകപ്പിന് മുമ്പ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഓസീസ് ഇന്ത്യയിലെത്തി കളിക്കുക. ലോകകപ്പ് മുമ്പില്‍ കണ്ടുകൊണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമത്തിനൊപ്പം കൃത്യമായി വര്‍ക് ലോഡും നല്‍കിക്കൊണ്ടാണ് ബി.സി.സി.ഐ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മൂന്നാം മത്സരത്തില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുമാണ് ഇന്ത്യ ഓസീസിനെതിരെ കളിക്കുക.

പല യുവതാരങ്ങളെയും പരിഗണിച്ച സ്‌ക്വാഡില്‍ യൂസ്വേന്ദ്ര ചഹല്‍ അടക്കമുള്ള താരങ്ങള്‍ പുറത്തായിരുന്നു. ഒരു കാലത്ത് ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന്‍രെ കേന്ദ്രമായിരുന്ന ചഹലിനോടുള്ള അവഗണന കാലമേറെയായി ബി.സി.സി.ഐ തുടരുകയാണ്.

ഇപ്പോള്‍ ഓസീസിനെതിരായ പരമ്പരയില്‍ ചഹലിന് സ്ഥാനമില്ലാത്തത് ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും സ്റ്റാര്‍ സ്പിന്നറുമായ ഹര്‍ഭജന്‍ സിങ്.

യൂസ്വേന്ദ്ര ചഹലിന് അവസരം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് ഒരിക്കലും മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും കഴിവാണ് പരിഗണിക്കുന്നതെങ്കില്‍ ചഹല്‍ ഉറപ്പായും ടീമിലുണ്ടാകണമെന്നും ടര്‍ബനേറ്റര്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘യൂസ്വേന്ദ്ര ചഹല്‍ ഉറപ്പായും ടീമിലുണ്ടാകേണ്ടവനാണ്. അവന് ഒരു അവസരവും നല്‍കിയിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല. അവന്‍ ആരോടെങ്കിലും വഴക്കുണ്ടാക്കുകയോ അല്ലെങ്കില്‍ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ, എനിക്കറിയില്ല. കഴിവിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നതെങ്കില്‍ അവന്റെ പേര് ടീമിലുണ്ടായിരിക്കണം. നിരവധി താരങ്ങള്‍ വിശ്രമത്തിലാണ്,’ ഹര്‍ഭജന്‍ പറഞ്ഞു.

മൂന്ന് ഏകദിനമാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. സെപ്റ്റംബര്‍ 22നാണ് പരമ്പരയിലെ ആദ്യ മത്സരം. മൊഹാലിയാണ് വേദി. പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ 24ന് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തിലും മൂന്നാം മത്സരം സെപ്റ്റംബര്‍ 27ന് സൗരാഷ്ട്രയിലും നടക്കും.

ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയ സ്‌ക്വാഡ്:

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, മാറ്റ് ഷോര്‍ട്ട്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ എല്ലിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, തന്‍വീര്‍ സാംഗ.

Content highlight: Harbhajan Singh backs Yuzvendra Chahal