1983ലെ ലോകകപ്പ് വിജയത്തിന് ശേഷം നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും മുത്തമിട്ടത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച് വിജയത്തിലേക്ക് നടന്നുകയറുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് അതൊരു ചരിത്രമായിരുന്നു.
സ്വന്തം കാണികളുടെ മുന്നില്‍ വെച്ച് തന്നെ ലോകകപ്പ് നേടുമ്പോള്‍ ആ ജയത്തിന്റെ മാധുര്യം ഇരട്ടിക്കും. ഗൗതം ഗംഭീറിന്റെ അണ്‍ബീറ്റണ്‍ ഇന്നിംഗ്‌സിനൊപ്പം മുന്നോട്ട് കുതിച്ച ഇന്ത്യ ധോണിയുടെ സിക്‌സറിലൂടെയായിരുന്നു മത്സരവും വേള്‍ഡ് കപ്പും സ്വന്തമാക്കിയത്.
ഇപ്പോഴിതാ, 2011 ലോകകപ്പ് വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് മാത്രം നല്‍കുന്നതില്‍ തനിക്ക് വിയോജിപ്പുണ്ടെന്ന് വെളിപ്പെടുത്തുകയാണ് വേള്‍ഡ് കപ്പ് സ്‌ക്വാഡിലെ അംഗവും ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ എക്കാലത്തേയും മികച്ച സ്പിന്നറുമായ ഹര്‍ഭജന്‍ സിംഗ്.
ധോണി ഒറ്റയ്ക്കല്ല ലോകകപ്പ് കളിച്ചതെന്നും താന്‍ അടക്കമുള്ള താരങ്ങള്‍ ഒന്നിച്ചാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തതെന്നും പറഞ്ഞ താരം, വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് മാത്രമായി നല്‍കേണ്ടെന്നും പറഞ്ഞു.
”2011 ലോകകപ്പ് വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് മാത്രം നല്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഓസ്‌ട്രേലിയ ലോകകപ്പ് ജയിക്കുമ്പോള്‍ ഓസ്‌ട്രേലിയക്ക് കിരീടം എന്നാണ് എല്ലാവരും പറയുന്നത്.
എന്നാല്‍ ഇന്ത്യ ജയിക്കുമ്പോള്‍ ധോണിയുടെ മികവില്‍ ഇന്ത്യക്ക് ജയം എന്ന് എന്ത് കണ്ടിട്ടാണ് പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. ബാക്കിയുള്ള 10 പേരെന്താ അവിടെ ലസ്സി കഴിക്കാന്‍ പോയതാണോ?
ധോണി മാത്രമാണോ ലോകകപ്പ് കളിച്ചത്? ബാക്കി ഉള്ള 10 പേരെ നിങ്ങള്‍ കണ്ടില്ലേ? ഗംഭീറിനെ കണ്ടില്ലേ? ഒരു ടീമിലെ ഏഴെട്ട് പേരെങ്കിലും ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്,’ ഭാജി പറയുന്നു.
ഹര്‍ഭജന്റെ പ്രസ്താവനയെ പിന്തുണച്ചും വിയോജിപ്പ് അറിയിച്ചും നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്.
മുമ്പ് ഇന്ത്യന്‍ സൂപ്പര്‍ താരം ഗൗതം ഗംഭീറും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.
വേള്‍ഡ് കപ്പിന്റെ ഫൈനലില്‍ 97 റണ്‍സെടുത്ത തനിക്ക് നല്കാത്ത ക്രെഡിറ്റ് ധോണിക്ക് മാത്രം നല്‍കുന്നതിലുള്ള അമര്‍ഷം പല വേദികളില്‍ താരം പ്രകടിപ്പിച്ചിട്ടുമുണ്ട്.