| Thursday, 9th January 2025, 10:01 pm

ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 0-5ന് തോല്‍ക്കുമായിരുന്നു...; തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിനെതിരെ ഹോം ടെസ്റ്റില്‍ അടിയറവ് പറഞ്ഞ് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെത്തുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍ ഇന്ത്യ ഒരു സമനില ഉള്‍പ്പെടെ 3-1ന് പരമ്പരയില്‍ തോല്‍വി വഴങ്ങുകയായിരുന്നു. ഇതോടെ വേള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ സാധ്യതയും ഇല്ലാതായി.

എന്നിരുന്നാലും പരമ്പരയിലുടനീളം മിന്നും പ്രകടനമാണ് ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. പരമ്പരയിലെ താരമാകാനും ബുംറയ്ക്ക് സാധിച്ചിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ബുംറ അമ്പരപ്പിച്ചത്. മാത്രമല്ല പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ ബുംറയുടെ ക്യാപ്റ്റന്‍സി മികവില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു.

ഇപ്പോള്‍ താരത്തെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ബുംറ പരമ്പരയില്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ 0-5ന് പരാജയപ്പെടുമായിരുന്നു എവന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.

‘ജസ്പ്രീത് ബുംറയ്ക്ക് പര്യടനം നഷ്ടമായിരുന്നെങ്കില്‍, സ്‌കോര്‍ലൈന്‍ ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായേനെ. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഞങ്ങള്‍ 0-5ന് തോല്‍ക്കുമായിരുന്നു. പെര്‍ത്തിലെ കളി അദ്ദേഹം ഞങ്ങള്‍ക്ക് നേടിക്കൊടുത്തു, അഡ്ലെയ്ഡില്‍ ഒഴികെ ബുംറ ശ്രദ്ധേയനായിരുന്നു,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിലെ മിന്നും പ്രകടനത്തോടെ നിരവധി റെക്കോഡുകളും ബുംറ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല 45 മത്സരങ്ങളിലെ 86 ഇന്നിങ്സില്‍ നിന്ന് 205 വിക്കറ്റുകള്‍ സ്വന്തമാക്കി മികവ് പുലര്‍ത്താനും താരത്തിന് സാധിച്ചിരുന്നു. 2.77എന്ന മികച്ച എക്കോണമിയിലും 19.4 എന്ന റെക്കോഡ് ആവറേജിലുമാണ് ബുംറ പേസ് ബൗളര്‍ കുലപതിയായി തകര്‍ക്കുന്നത്.

എന്നാല്‍ സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ ക്യാപ്റ്റനായി ഇന്ത്യയെ നയിച്ചെങ്കിലും നടുവിന് പരിക്ക് പറ്റി താരം മാറി നിന്നിരുന്നു. ഇതോടെ താരത്തിന്റെ പരിക്കിന്റെ കാര്യത്തില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്.

Content Highlight: Harbhajan Singh Admired Jaspreet Bumrah

We use cookies to give you the best possible experience. Learn more