| Tuesday, 2nd May 2023, 7:13 pm

ആരാണ് കുറ്റക്കാരന്‍ എന്നൊന്നും എനിക്ക് അറിയില്ല, പക്ഷേ എല്ലാത്തിനും തുടക്കമിട്ടത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നറിയാം: ഇതിഹാസ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന നാടകീയ രംഗങ്ങളാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ഹോം ടീമിന്റെ തോല്‍വിക്ക് ശേഷമുള്ള സംഭവങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ചൂടിപിടിപ്പിച്ചത്.

ആര്‍.സി.ബി സൂപ്പര്‍ താരവും മുന്‍ നായകനുമായ വിരാട് കോഹ്‌ലിയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററും വേള്‍ഡ് കപ്പ് ഹീറോയുമായി ഗൗതം ഗംഭീറും തമ്മിലുള്ള വാഗ്വാദമാണ് കളിയേക്കാളേറെ ആരാധകരിലേക്കെത്തിയത്. ഇരുവരും തമ്മിലുള്ള ബന്ധം അത്രകണ്ട് നല്ലതല്ലാത്തതിനാല്‍ കയ്യാങ്കളിയിലേക്ക് പോകുമോ എന്ന് പോലും ആരാധകര്‍ സംശയിച്ചിരുന്നു.

ഗംഭീറിന് പുറമെ യുവതാരം നവീന്‍ ഉള്‍ ഹഖുമായും വിരാട് കോഹ്‌ലി ചെറിയ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിരുന്നു.

താരങ്ങളുടെ അതിരുവിട്ട ഈ പ്രവര്‍ത്തിക്ക് പിന്നാലെ തക്ക ശിക്ഷയുമായി ബി.സി.സി.ഐ രംഗത്തെത്തിയിരുന്നു. വിരാട് കോഹ്‌ലിക്കും ഗംഭീറിനും മാച്ച് ഫീയുടെ നൂറ് ശതമാനം പിഴ ചുമത്തിയപ്പോള്‍ നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴയായി ഒടുക്കേണ്ടി വന്നത്.

വിരാടിന്റെയും ഗംഭീറിന്റെയും പ്രവൃത്തിയില്‍ തന്റെ അഭിപ്രായം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. വിഷയത്തിലെ ആരുടെ ഭാഗത്താണ് തെറ്റ് എന്ന കാര്യം തനിക്കറിയില്ല എന്നും ഇരുവരും പരസ്പരം സ്‌നേഹിക്കാന്‍ ശ്രമിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘വിഷയത്തില്‍ ആരാണ് കുറ്റക്കാരന്‍ എന്നെനിക്ക് അറിയില്ല. ഷെയ്ക്ക് ഹാന്‍ഡിന്റെ സമയത്ത് കോഹ്‌ലി പെട്ടെന്ന് കൈ പിന്‍വലിച്ചതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ ഭാഷയില്‍ പലതും പറഞ്ഞുകൊണ്ടിരുന്നു.

വിരാടും ഗൗതവും ഒരേ നഗരത്തില്‍ നിന്നുള്ളവരാണ്. അവര്‍ ഒരുമിച്ച് ലോകകപ്പ് നേടിയവരുമാണ്. അതുകൊണ്ട് അവരിരുവരും ക്രിക്കറ്റ് ആരാധകര്‍ക്കിടയിലേക്ക് സ്‌നേഹത്തിന്റെ സന്ദേശം നല്‍കാന്‍ ശ്രമിക്കണം,’ ഹര്‍ഭജന്‍ പറഞ്ഞു.

2013 ഐ.പി.എല്ലിനിടയിലെ സംഭവങ്ങളാണ് ഇരുവര്‍ക്കുമിടയിലെ ബന്ധം ഇല്ലാതാക്കിയതെന്നാണ് താന്‍ കരുതുന്നതെന്ന് ഹര്‍ഭജന്‍ പറഞ്ഞതായി ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

2013ലെ ഐ.പി.എല്ലിനിടക്ക് അന്നത്തെ കൊല്‍ക്കത്ത ക്യാപ്റ്റനായ ഗൗതം ഗംഭീറും ആര്‍.സി.ബിയുടെ യുവതാരവുമായ വിരാട് കോഹ്‌ലിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഒടുവില്‍ അമ്പയറും രജത് ഭാട്ടിയ അടക്കമുള്ള താരങ്ങളും ചേര്‍ന്നാണ് രംഗം വഷളാകാതെ കാത്തത്.

Content Highlight: Harbhajan Singh about Virat Kohli and Gautam Gambhir

We use cookies to give you the best possible experience. Learn more