അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ നടത്തണമെന്ന് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തില്ല എന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് ബി.സി.സി.ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ സമാന നിലപാടാണ് സ്വീകരിച്ചത്.
ഏഷ്യാ കപ്പിന്റെ മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്തണമെന്നാണ് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലെത്തുന്നതിനെ കുറിച്ച് തന്റെ അഭിപ്രായം പറയുകയാണ് ഹര്‍ഭജന്‍ സിങ്. ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ സുരക്ഷിതരല്ലെങ്കില്‍ ടീമിനെ അയക്കില്ല എന്നാണ് ഭാജി പറഞ്ഞത്.
‘ഞങ്ങളുടെ താരങ്ങള്‍ പാകിസ്ഥാനില്‍ സുരക്ഷിതരല്ലെങ്കില്‍ ഞങ്ങളവരെ ടൂര്‍ണമെന്റിന് അയക്കില്ല. നിങ്ങള്‍ക്ക് കളിക്കണമെങ്കില്‍ കളിക്കാം, അല്ലെങ്കില്‍ വേണ്ട. പാകിസ്ഥാന്‍ ഇല്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന് നിലനില്‍ക്കാനും അതിജീവിക്കാനും സാധിക്കും. ഇന്ത്യന്‍ ക്രിക്കറ്റില്ലാതെ നിങ്ങള്‍ക്ക് അതിന് സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യൂ,’ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു.
Harbhajan Singh said, “If our players are not safe in Pakistan, we won’t send the team. If you want to play, play; if not, don’t. Indian cricket can still survive without Pakistan. If you guys can survive without Indian cricket, then do it.” pic.twitter.com/tJaywUqUQV
പാകിസ്ഥാനിലെത്തി ടൂര്‍ണമെന്റ് കളിക്കില്ല എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിനോടും ബി.സി.സി.ഐ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.
ഷാഹിദ് അഫ്രിദിയടക്കമുള്ള മുന്‍ പാക് താരങ്ങള്‍ ഇന്ത്യ പാകിസ്ഥാനിലെത്തി മത്സരം കളിക്കണെന്ന് ആവശ്യപ്പെട്ടിരുന്നു.
2025 അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് കൈമാറിയിരുന്നു. ഇതനുസരിച്ച് മാര്‍ച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
രാഷ്ട്രീയ-നയതന്ത്ര കാരണങ്ങളാല്‍ 2008ന് ശേഷം ഇന്ത്യ പാക്കിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല.
ടൂര്‍ണമെന്റിന്റെ ആതിഥേയരും 2023 ലോകകപ്പ് പോയിന്റ് ടേബിളിലെ ആദ്യ ഏഴ് സ്ഥാനക്കാരുമാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.
ഗ്രൂപ്പ് എ: ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ (ആതിഥേയര്‍).
ഗ്രൂപ്പ് ബി: അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക.
മാര്‍ച്ച് അഞ്ചിനും ആറിനുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ആദ്യ സെമി ഫൈനല്‍ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലും രണ്ടാം സെമി ഫൈനല്‍ റാവല്‍പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.