| Saturday, 5th November 2022, 10:43 am

ഇവന്‍ മാത്രമൊന്നുമല്ലല്ലോ ഇന്ത്യന്‍ ടീമിലെ പലരും ഗംഭീര പരാജയമായിരുന്നു, അവരുടെ പ്രശസ്തി കാരണം ആരും ഒന്നും പറഞ്ഞില്ല; സൂപ്പര്‍ താരത്തിന് പിന്തുണയുമായി ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ബാറ്റ് ചെയ്ത മൂന്ന് മത്സരത്തിലും തുടര്‍ പരാജയമായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്.

ദിനേഷ് കാര്‍ത്തിക്കിന്റെ ബാറ്റിങ് പൊസിഷന്‍ അല്‍പം ബുദ്ധിമുട്ടുള്ളതാണെന്നും ഫിനിഷറുടെ റോള്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിനാവുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്.

‘കാര്‍ത്തിക്കിന് പരിക്കേറ്റപ്പോള്‍ റിഷബ് പന്തിനെ കളത്തിലിറക്കാന്‍ ഞാന്‍ നിര്‍ദേശിച്ചിരുന്നു. ദിനേഷ് കാര്‍ത്തിക് പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ അവന്‍ തന്നെയായിരിക്കണം കളിക്കേണ്ടത്.

കാരണം അവനെ ഫിനിഷര്‍ എന്ന നിലയിലാണ് നിങ്ങള്‍ ടീമിലെടുത്തിരിക്കുന്നത്. എന്നാല്‍ പന്തിന് ആ കപ്പാസിറ്റിയില്‍ ഒരിക്കലും കളിക്കാന്‍ സാധിക്കില്ല,’ ഹര്‍ഭജന്‍ പറഞ്ഞു.

എന്നാല്‍ കളിച്ച മൂന്ന് കളിയിലും ദിനേഷ് കാര്‍ത്തിക് പരാജയമാണെന്ന് ആങ്കര്‍ പറഞ്ഞപ്പോള്‍ ദിനേഷ് കാര്‍ത്തിക് മാത്രമായിരുന്നില്ല, ടീമിലെ പലരും പരാജയപ്പെട്ടിരുന്നു എന്നായിരുന്നു ഹര്‍ഭജന്റെ മറുപടി.

‘നോക്കൂ, പല സൂപ്പര്‍ താരങ്ങളും ക്രിക്കറ്റില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ പ്രാധാന്യം കാരണം ആരും തന്നെ അത് ചര്‍ച്ച ചെയ്യുന്നുപോലുമില്ല. ദിനേഷ് കാര്‍ത്തിക്കിന്റെ ബാറ്റിങ് പൊസിഷന്‍ അല്‍പം ബുദ്ധിമുട്ടേറിയതാണ്.

എം.എസ്. ധോണിയും യുവരാജ് സിങ്ങുമെല്ലാം ഈ പൊസിഷനില്‍ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. ഈ പൊസിഷനിലേക്ക് ഹര്‍ദിക് പാണ്ഡ്യയുമെത്തി. ഇപ്പോള്‍ നമുക്കുള്ളത് ദിനേഷ് കാര്‍ത്തിക്കാണ്, നമ്മള്‍ അവന് അവസരം നല്‍കണം,’ ഹര്‍ഭജന്‍ പറയുന്നു.

നിലവില്‍ നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു തോല്‍വിയുമായി ഗ്രൂപ്പ് 2 സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് ഇന്ത്യ. നവംബര്‍ ആറിന് സിംബാബ്‌വേക്കെതിരെ നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ആധികാരികമായി സെമിയില്‍ പ്രവേശിക്കാം.

Content highlight: Harbhajan Sing backs Dinesh Karthik

We use cookies to give you the best possible experience. Learn more