| Saturday, 9th September 2023, 11:59 pm

പാകിസ്ഥാനെതിരെ അവനെ വേണ്ട, മാറ്റിയേക്ക്, അല്ലെങ്കില്‍ ബാറ്റര്‍മാരോട് മര്യാദക്ക് പണിയെടുക്കാന്‍ പറയുക; മത്സരത്തിന് മുമ്പ് ഉപദേശവുമായി ഭാജി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. മഴ സാധ്യതയുള്ള മത്സരത്തിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ഡേ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് സ്റ്റേജില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മഴ മൂലം മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇന്ത്യയുടെ ബാറ്റിങ്ങിന് ശേഷം മഴ എത്തുകയും മത്സരം മുടങ്ങുകയുമായിരുന്നു.

മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസമായ ഹര്‍ഭജന്‍ സിങ്. പാകിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി കളിക്കാന്‍ മുഹമ്മദ് ഷമി ഇറങ്ങിയില്ലായിരുന്നു. ജസപ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജായിരുന്നു ഇന്ത്യക്കായി കളത്തില്‍ ഇറങ്ങിയ പേസര്‍മാര്‍. മൂന്നാം പേസറായി ഹാന്‍ഡി ബാറ്ററും കൂടിയായ ഷര്‍ദുല്‍ താക്കൂറിനെയായിരുന്നു ഇന്ത്യ ഉള്‍പ്പെടുത്തിയത്. ബാറ്റിങ് ആഴം കൂട്ടാനായിരുന്നു ഇന്ത്യ അത്തരത്തിലുള്ള തീരൂമാനമെടുത്തത്.

സൂപ്പര്‍ ഫോറിലെ മത്സരത്തില്‍ സിറാജിനെ പുറത്തിരുത്തി ഷമിയെ കളിപ്പിക്കണമെന്നാണ് ഭാജി പറയുന്നത്. ഷമിയെ പോലെ പരിചയസമ്പത്തുള്ള താരങ്ങളെ പുറത്തിരുതെന്നാണ് ഭാജിയുടെ അഭിപ്രായം. സിറാജിനെയും ഷമിയെയും കളിപ്പിക്കാനാണ് താത്പര്യമെങ്കില്‍ ഷര്‍ദുല്‍ താക്കൂറിനെ മാറ്റികൊണ്ട് ബാറ്റര്‍മാരോട് മികച്ച പ്രകടനം നടത്താനും ഹര്‍ഭജന്‍ ആവശ്യപ്പെട്ടു.

‘ഷമി കളിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് എക്‌സ്പീരിയന്‍സ് വാങ്ങാന്‍ കഴിയില്ല, കൂടാതെ ഷമിയെപ്പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരന്‍ പുറത്ത് ഇരിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. സിറാജിനെ മാറ്റി ഷമിയെ കളിപ്പിക്കണം.

നിങ്ങള്‍ക്ക് ശരിക്കും സിറാജിനെ കളിപ്പിക്കണമെങ്കില്‍, ഷാര്‍ദുല്‍ താക്കൂറില്‍ നിന്ന് ബാറ്റിങ് പ്രതീക്ഷിക്കരുത്. നിങ്ങള്‍ക്ക് ഏഴാം നമ്പര്‍ വരെ ബാറ്റര്‍മാരുണ്ട്, അത് കഴിഞ്ഞാല്‍ പ്രോപ്പര്‍ ബൗളര്‍മാരുണ്ട്. നിങ്ങളുടെ ബാറ്റര്‍മാരോട് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പറയൂ, അതിപ്പോള്‍ 260 ആണെങ്കില്‍ പോലും അത് ഡിഫന്‍ഡ് ചെയ്യേണ്ട ഉത്തരവാദിത്തം ബൗളര്‍മാരുടേതാണ്,’ തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ഭാജി പറഞ്ഞു.

നേപ്പാളിനെതിരെയുള്ള മത്സരത്തില്‍ ബുംറയുടെ അഭാവത്തില്‍ ഷമി കളത്തില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരെ ബുംറ തിരിച്ചെത്തുന്നതോടെ ഷമി, സിറാജ്, ഷര്‍ദുല്‍ എന്നിവരില്‍ ഒരാള്‍ മാത്രമെ കളിക്കുകയുള്ളൂ.

Content Highlight: Harbhajan Says India Should Play Muhammed Shami Ahead of Muhammed Siraj

We use cookies to give you the best possible experience. Learn more