ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ ശ്രീശാന്തിനെ തല്ലിയതില്‍ മാപ്പുമായി മുന്‍ ഇന്ത്യന്‍ താരവും ആം ആദ്മി എം.പിയുമായ ഹര്‍ഭജന്‍ സിംഗ്. മത്സരത്തിനിടെ പ്രകോപിതനായ ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു.
അന്നത്തെ സംഭവത്തില്‍ തനിക്ക് അതിയായ ഖേദമുണ്ടെന്നും താനാണ് തെറ്റുകാരന്‍ എന്നും ഹര്‍ഭജന്‍ പറഞ്ഞു.
‘പിച്ച്- എഡ്ജ് ബാറ്റില്‍ വിത്ത് വിക്രം സത്യ’ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഭാജി അന്നത്തെ സംഭവത്തില്‍ ഖേദപ്രകടനം നടത്തിയത്.
‘എന്താണോ അന്ന് സംഭവിച്ചത് അത് തെറ്റ് തന്നെയായിരുന്നു. ഞാന്‍ തെറ്റ് ചെയ്തു. ഞാന്‍ കാരണം എന്റെ സഹതാരത്തിനും അപമാനം നേരിടേണ്ടി വന്നു. എനിക്ക് തന്നെ നാണക്കേട് തോന്നി.
ഞാന്‍ എന്തെങ്കിലും തെറ്റ് തിരുത്തേണ്ടതുണ്ടെങ്കില്‍ അത് ശ്രീശാന്തിനോട് ഗ്രൗണ്ടില്‍ വെച്ച് പെരുമാറിയത് തന്നെയാവും. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അതിന്റെ ഒരു ആവശ്യവുമില്ലായിരുന്നു എന്ന് തോന്നും,’ താരം പറയുന്നു.
തന്റെ മുതിര്‍ന്ന സഹോദരന്‍ തല്ലിയതായി മാത്രമേ താന്‍ അതിനെ കാണുന്നുള്ളൂ എന്ന് ശ്രീശാന്ത് പറഞ്ഞെങ്കിലും കളിക്കളത്തിലെ മോശം പെരുമാറ്റത്തെ വെച്ചുപൊറുപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.
ഈ സംഭവത്തിന് പിന്നാലെ ഹര്‍ഭജനെ സീസണിലെ ബാക്കിയുള്ള എല്ലാ മത്സരത്തില്‍ നിന്നും വിലക്കുകയും ബി.സി.സി.ഐ പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. ഇതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഹര്‍ഭജനെ തുടര്‍ന്നുള്ള അഞ്ച് ഏകദിനത്തില്‍ നിന്നും വിലക്കിയിരുന്നു.
മുംബൈ ഇന്ത്യന്‍സ് – കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെയായിരുന്നു മുംബൈ താരം ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിച്ചത്. ഹര്‍ഭജന്റെ അടിയേറ്റ് വിങ്ങിപ്പൊട്ടിയ ശ്രീശാന്തിനെ പഞ്ചാബ് ടീമിന്റെ ഉടമ പ്രീതി സിന്റെ ആശ്വസിപ്പിക്കുന്ന ചിത്രം വ്യാപകമായി പ്രടരിച്ചിരുന്നു,
സീസണില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാമതായിട്ടായിരുന്നു പോയിന്റ് പട്ടികയില്‍ ഇടം നേടിയത്. 14 മത്സരത്തില്‍ നിന്നും ഏഴെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാനായത്.
അതേസമയം, പഞ്ചാബ് 14 കളിയില്‍ നിന്നും പത്തിലും ജയിച്ച് പോയിന്റ് ടേബിളില്‍ രണ്ടാമതായി നോക്കൗട്ടിന് യോഗ്യത നേടിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് പുറത്താവുകയായിരുന്നു.
Content Highlight: Harbhajan on slapping Sreesanth’s controversy in IPL 2008