മാറ്റിവെച്ച ഇന്ത്യ-ഇംഗ്ലണ്ട് അവസാനത്തെ ടെസ്റ്റ് മത്സരം വെള്ളിയാഴ്ചയാണ് ആരംഭിക്കുക. നിലവില്‍ 2-1 എന്ന നിലയില്‍ ഇന്ത്യ മുമ്പില്‍ നില്‍ക്കുകയാണ്. എന്നാല്‍ കഴിഞ്ഞ തവണ തോല്‍പ്പിച്ച ഇംഗ്ലണ്ട് ടീമല്ല നിലവിലുള്ളത്.
ന്യൂസിലാന്‍ഡിനെ 3-0 എന്ന നിലയില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇതിനിടെ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ വൈറ്റ് ബോള്‍ സൂപ്പര്‍താരം ഹര്‍ദിക് പാണ്ഡ്യ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ കുറച്ചുകൂടെ ശക്തമായേനേ എന്നാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്റെ അഭിപ്രായം.
2018ല്‍ ഇംഗ്ലണ്ടിനെതിരെ സതാംപ്ടണിലാണ് അവസാനമായി ഹര്‍ദിക് ഒരു ടെസ്റ്റ് മത്സരം കളിച്ചത്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ഹര്‍ദിക് മികച്ച പ്രകടനം നടത്തുമായിരുന്നുവെന്ന് ഭാജി കരുതുന്നു.
ആദ്യ ചോയ്സ് ഓപ്പണര്‍മാരില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീമിനെ തള്ളികൊണ്ട് നിരവധി വിദഗ്ധര്‍ ഇംഗ്ലണ്ടിനെ ടെസ്റ്റ് ജയിക്കാന്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ ഹാര്‍ദിക്കിന്റെ ഉള്‍പ്പെടുത്തല്‍ ഈ ആശങ്കകളെ ഇല്ലാതാക്കുമെന്ന് ഹര്‍ഭജന്‍ കരുതുന്നു.
റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കായി ബാറ്റ്‌കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനമാണ് ഷര്‍ദുല്‍ താക്കൂര്‍ നടത്തിയതെന്നും എന്നാല്‍ പാണ്ഡ്യയുടെ സാന്നിധ്യം ടീമിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്ട്കീഡയോടായിരുന്നു ഹര്‍ഭജന്‍ സംസാരിച്ചത്.
‘ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. ഇത് ഒരു മത്സരം മാത്രമുള്ളതിനാല്‍ സീമര്‍മാര്‍ ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഷര്‍ദുല്‍ താക്കൂര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു, എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ ടീമില്‍ കൂടുതല്‍ മൂല്യം കൊണ്ടുവരുന്നു. അവന്‍ വന്നാല്‍ അപ്പോള്‍ ബാറ്റിങ്ങിന് വലിയ ഉത്തേജനം ലഭിക്കുന്നു, ബൗളിങ് ഡിപ്പാര്‍ട്ട്മെന്റിനും കുറച്ച് ഡെപ്ത്ത് ലഭിക്കും.
11 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഹര്‍ദിക് 31.29 ശരാശരിയില്‍ 532 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 17 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Harbhajan Feels Hardik Pandya should be played at England