'ഞാനും വര്‍ഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നു, രണ്ടു ലോകകപ്പ് നേടിയതില്‍ എനിക്കും പങ്കുണ്ട്'; ധോണിയ്ക്ക് നല്‍കുന്ന പരിഗണന എന്തുകൊണ്ട് തനിക്ക് ലഭിക്കുന്നില്ലെന്ന് ഹര്‍ഭജന്‍ സിംഗ്
Daily News
'ഞാനും വര്‍ഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നു, രണ്ടു ലോകകപ്പ് നേടിയതില്‍ എനിക്കും പങ്കുണ്ട്'; ധോണിയ്ക്ക് നല്‍കുന്ന പരിഗണന എന്തുകൊണ്ട് തനിക്ക് ലഭിക്കുന്നില്ലെന്ന് ഹര്‍ഭജന്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th May 2017, 6:42 pm

മുംബൈ: ഇന്ത്യന്‍ ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ എം.എസ് ധോണിയ്ക്ക് നല്‍കുന്ന പരിഗണന തനിക്ക് നല്‍കുന്നില്ലെന്ന് ഹര്‍ഭജന്‍ സിംഗ്. ധോണിയെ പോലെ തന്നെ താനും മുതിര്‍ന്ന താരമാണെന്നും എന്നാല്‍ തന്റെ കാര്യം വരുമ്പോള്‍ ആരും അത് പരിഗണിക്കാറില്ലെന്നുമായിരുന്നു എന്‍.ഡി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാജി പറഞ്ഞത്.

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോണിയെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ഹര്‍ഭജന്റെ പരാമര്‍ശം. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഹര്‍ഭജന്‍ സിങ്ങിന്റെയോ ഗൗതം ഗംഭീറിന്റെയോ പേരുകള്‍ ചാമ്പ്യന്‍സ് ട്രോഫിക്കായുളള ടീം സെലക്ഷന്‍ സമയത്ത് പരാമര്‍ശിച്ചിരുന്നില്ല.


Also Read: കണ്ണിലെ കരടായതോടെ അനില്‍ കുംബ്ലെയെ പുറത്താക്കി ബി.സി.സി.ഐ പുതിയ പരിശീലകനെ തേടുന്നു; ഭാവി സച്ചിന്റേയും ഗംഗുലിയുടേയും ലക്ഷ്മണിന്റേയും കയ്യില്‍


“”ബാറ്റിങ്ങിനു പുറമേ മറ്റു തരത്തിലും ധോണി ടീമിനുവേണ്ടി നിരവധി ചെയ്തിട്ടുണ്ടെന്നതില്‍ ഒരു സംശയവുമില്ല. അത് ഫോമിലാണെങ്കിലും അല്ലെങ്കിലും. ധോണി ക്യാപ്റ്റനാണ്. ധോണിക്ക് കളിയെക്കുറിച്ച് നന്നായി അറിയാം. ചില സമയത്ത് പല യുവതാരങ്ങള്‍ക്കും ധോണിയുടെ പിന്തുണ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. എന്നാല്‍ ധോണിക്ക് ലഭിക്കുന്നതുപോലെയുളള പ്രത്യേക പരിഗണന എന്നെ പോലുളളവര്‍ക്ക് നല്‍കുന്നില്ല””. എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍.

“”ഞാനും വര്‍ഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നു. ചില മല്‍സരങ്ങള്‍ വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്തു. രണ്ടു ലോകകപ്പുകള്‍ നേടിയതില്‍ എനിക്കും പങ്കുണ്ട്. അങ്ങനെയെങ്കില്‍ ചിലര്‍ക്കു മാത്രമല്ലാതെ മറ്റു ചില കളിക്കാര്‍ക്കും ആനുകൂല്യം നല്‍കണം. അതര്‍ഹിക്കുന്നവരില്‍ ഒരാള്‍ ഞാനാണ്.” എന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഇതിനു മറുപടി നല്‍കേണ്ടത് സെലക്ടര്‍മാരാണ്. അവര്‍ ടീം ഇന്ത്യയ്ക്കു നല്‍കുന്നതുപോലെയുളള സംഭാവനകള്‍ തങ്ങളും നല്‍കുന്നുണ്ട്. തങ്ങളും രാജ്യത്തിനുവേണ്ടി കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.


Don”t Miss: ‘പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, അവസാനം ഉള്ളിക്കറി പോലെയാകരുത്’; തന്നെ കള്ളസ്വാമിയെന്ന് വിളിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി


“”ഒരാള്‍ നന്നായി കളിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം. ഒന്നുകില്ലെങ്കിലും ടീം സെലക്ട് ചെയ്യുമ്പോള്‍ അയാളെ പരിഗണിക്കുകയെങ്കിലും ചെയ്യണം. രണ്ടു വ്യക്തികള്‍ക്ക് രണ്ടു നിയമങ്ങള്‍ വയ്ക്കുന്നത് എന്തിനാണ്?. അദ്ദേഹം ചോദിക്കുന്നു.

നിങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നു പറഞ്ഞാല്‍ തനിക്ക് അതിന് അനുസരിച്ച് കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.